വയനാട്:ലോക്‌സഭ ഉപതെരഞ്ഞെടുപ്പിനായി യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. ആവേശം നിറച്ച റോഡ് ഷോയ്‌ക്ക് ശേഷം ജില്ലാ കലക്‌ടർ ഡിആർ മേഘശ്രീ മുമ്പാകെ എത്തിയാണ് പത്രിക സമർപ്പിച്ചത്. കുടുംബാംഗങ്ങളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരും പ്രിയങ്കയ്‌ക്കൊപ്പം നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തി.
റോഡ് ഷോയ്‌ക്ക് ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്‌ത പ്രിയങ്ക വയനാടിന്‍റെ പ്രതിനിധിയാവുന്നതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞു. 'വയനാട് തന്‍റെ കുടുംബമാണ്. ഇത് തന്‍റെ പുതിയ യാത്രയാണ്. ആദ്യമായാണ് തനിക്ക് വേണ്ടി വോട്ട് ചോദിക്കാൻ ഇറങ്ങുന്നത്. വയനാടിന്‍റെ മെഡിക്കൽ കോളജ്, രാത്രി യാത്ര നിയന്ത്രണം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളെ കുറിച്ച് രാഹുൽ പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങൾ പരിഗണിക്കുമെന്നും എന്നും വായനാടിനൊപ്പം ഉണ്ടാകുമെന്നും' പ്രിയങ്ക ഉറപ്പ് നൽകി.