ന്യൂഡല്‍ഹി: കേരളത്തിലെ ശക്തമായ മഴയുടെയും വയനാട്ടിലെ ഉരുള്‍പൊട്ടലിന്‍റെയും സാഹചര്യത്തില്‍ നഷ്‌ടപരിഹാരത്തുക നല്‍കല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് പൊതുമേഖല ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍. എല്‍ഐസി, നാഷണല്‍ ഇന്‍ഷ്വറന്‍സ്, ന്യൂ ഇന്ത്യ അഷ്വറന്‍സ്, ഓറിയന്‍റല്‍ ഇന്‍ഷ്വറന്‍സ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ്, തുടങ്ങിയ പൊതുമേഖല ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പ്രാദേശിക ദിനപത്രങ്ങള്‍, സാമൂഹ്യമാധ്യമങ്ങള്‍, കമ്പനി വെബ്സൈറ്റുകള്‍, എസ്എംഎസുകള്‍ എന്നിവയിലൂടെ തങ്ങളുടെ വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, തുടങ്ങിയ ജില്ലകളിലെ പോളിസി ഉടമകളിലേക്ക് എത്താന്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ ജില്ലകളിലാണ് നിലവില്‍ പ്രകൃതി ദുരന്തങ്ങളില്‍ ഏറ്റവും കൂടുതല്‍ ജീവന്‍ പൊലിഞ്ഞിട്ടുള്ളത്. പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജനയുടെ ഉപഭോക്താക്കള്‍ക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് എല്‍ഐസിക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.