ന്യൂഡൽഹി : ഉരുൾപൊട്ടൽ സാധ്യതയെക്കുറിച്ച് ഒരാഴ്‌ച മുമ്പ് കേരളത്തിന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പാർലമെന്‍റിൽ പറഞ്ഞു. തെക്കൻ സംസ്ഥാനത്ത് കനത്ത മഴ പ്രവചിച്ചതിനെത്തുടർന്ന് കേന്ദ്രം ഒമ്പത് എൻഡിആർഎഫ് ടീമുകളെ നേരത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ടായിരുന്നു. കേരള സർക്കാർ യഥാസമയം ആളുകളെ ഒഴിപ്പിച്ചില്ലെന്നും അമിത് ഷാ പറഞ്ഞു.
പ്രകൃതിദുരന്തങ്ങളെക്കുറിച്ച് ഏഴ് ദിവസം മുമ്പെങ്കിലും മുന്നറിയിപ്പ് നൽകാൻ കഴിയുന്ന നാല് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എൻഡിആർഎഫ് സംഘങ്ങളുടെ വരവിനെ തുടർന്ന് കേരളം ജാഗ്രത പുലർത്തിയിരുന്നെങ്കിൽ മണ്ണിടിച്ചിലിലെ മരണങ്ങൾ കുറയ്ക്കാമായിരുന്നു. വയനാട് ദുരന്തം നേരിടാൻ കേരള സർക്കാരിനും ജനങ്ങൾക്കുമൊപ്പം ശക്തമായി നിൽക്കുകയാണ് കേന്ദ്ര സർക്കാരെന്നും അമിത് ഷാ പറഞ്ഞു.