കല്‍പ്പറ്റ: ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം താൻ വയനാട്ടില്‍ തുടരണമോ അതോ ഡല്‍ഹിയില്‍ തുടരണമോ എന്നത് തീരുമാനിക്കേണ്ടത് വയനാട്ടിലെ ജനങ്ങളാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മണ്ഡലത്തില്‍ പ്രിയങ്കയെ ഒന്ന് കാണാൻ പോലും കിട്ടില്ലെന്ന ബിജെപിയുടെയും സിപിഎമ്മിന്‍റെയും ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അവര്‍.
ഇടയ്ക്കിടെ താൻ വയനാട് സന്ദർശിക്കുന്നതിന് പകരം ഡൽഹിയിൽ തന്നെ തുടരണമോയെന്ന് ആത്യന്തികമായി തീരുമാനിക്കുന്നത് മലയോര മണ്ഡലത്തിലെ ജനങ്ങളായിരിക്കും. താൻ തുടരെ തുടരെ വയനാട് സന്ദര്‍ശിക്കുന്നത് കാണുന്ന ജനങ്ങള്‍ ഇനി കുറച്ച് നേരം ഡല്‍ഹിയില്‍ പോയി ഇരിക്കൂ എന്ന് പറയേണ്ട സ്ഥിതിയിലെത്തുമെന്നും പ്രിയങ്ക പറഞ്ഞു. തന്‍റെ കുട്ടിക്കാലത്തെ ഒരു ഓര്‍മ പങ്കുവച്ചാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.
തന്‍റെ മകൻ ബോർഡിങ് സ്‌കൂളിൽ പഠിക്കുന്ന സമയത്ത് താൻ പലപ്പോഴും അവനെ സ്‌കൂളില്‍ പോയി സന്ദർശിച്ചിരുന്നുവെന്നും ഒടുവിൽ തന്‍റെ സന്ദർശനം കുറയ്ക്കാൻ പ്രിൻസിപ്പൽ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിയങ്ക ഓര്‍ത്തെടുത്ത് പറഞ്ഞു. 'അതിനാൽ, നിങ്ങൾ എന്നെ ഇനി വയനാട്ടില്‍ കാണില്ലെന്ന് പറയുന്നവരോട്, നിങ്ങള്‍ ഇനി പ്രിൻസിപ്പലിനെപ്പോലെ ആകും. ദയവായി ഡൽഹിയിൽ പോയി കുറച്ചുനേരം നിൽക്കൂ എന്ന് എന്നോട് പറയും,' എന്ന് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ കോടഞ്ചേരിയിൽ ഒരു കോർണർ മീറ്റിങ്ങിനെ അഭിസംബോധന ചെയ്‌ത് കൊണ്ട് അവർ പറഞ്ഞു.