മുംബൈ :സുരക്ഷ ഭീഷണിയെ തുടർന്ന് തുര്‍ക്കിയില്‍ അടിയന്തരമായി ഇറക്കിയ വിസ്‌താര വിമാനത്തിലെ യാത്രക്കാർക്കായി ബദൽ വിമാനമയയ്‌ക്കുമെന്ന് വിസ്‌താര എയർലൈൻസ്. പുതിയ ജീവനക്കാരുമായാവും ബദൽ വിമാനം തുർക്കിയിലെത്തുക. സുരക്ഷ കാരണങ്ങള്‍ കൊണ്ടാണ് ഇന്നലെ (സെപ്‌റ്റംബർ 6) വിമാനം വഴിതിരിച്ച് വിട്ടതെന്ന് വിമാന കമ്പനി അറിയിച്ചു. മുംബൈയില്‍ നിന്ന് ജർമനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള വിമാനമാണ് വഴിതിരിച്ച് വിട്ടത്.
യാത്രക്കാർക്കുള്ള ബദൽ വിമാനം പ്രാദേശിക സമയം 12.25ന് എർസുറം വിമാനത്താവളത്തിൽ എത്തും. യാത്രക്കാരുമായി പ്രാദേശിക സമയം 2.30ന് അവിടെ നിന്ന് പുറപ്പെടാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിസ്‌താര എക്‌സിൽ കുറിച്ചു.
മുംബൈയില്‍ നിന്നും ഫ്രാങ്ക്ഫർട്ടിലേക്ക് സർവീസ് നടത്തുന്ന ബോയിങ് 787 വിമാനമാണ് തുര്‍ക്കിയിലെ എര്‍സുറം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്‌തത്. ഇന്നലെ ഉച്ചയ്‌ക്ക് 1.01ന് മുംബൈയിൽ നിന്ന് പുറപ്പെട്ട് 5.30ന് ഫ്രാങ്ക്ഫർട്ടിൽ എത്തേണ്ട വിമാനമായിരുന്നുവിത്. 11 ജീവനക്കാര്‍ ഉള്‍പ്പെടെ 247 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വിമാനത്തിലെ ശുചിമുറിയില്‍ നിന്ന് ഒരു ജീവനക്കാരന്‍ 'ബോംബ് ഓണ്‍ ബോര്‍ഡ്' എന്ന് എഴുതിയ കടലാസ് കഷണം കണ്ടെത്തിയതിന് പിന്നാലെയാണ് വിമാനം തുര്‍ക്കിയിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് വിസ്‌താര വൃത്തങ്ങൾ അറിയിച്ചു. ആവശ്യമായ എല്ലാ പരിശോധനകളും നടത്തിയിട്ടുണ്ടെന്നും ഉപഭോക്താക്കളെയും ജീവനക്കാരെയും വിമാനത്തെയും സുരക്ഷാ ഏജൻസികൾ ക്ലിയർ ചെയ്‌തിട്ടുണ്ടെന്നും വിസ്‌താര പ്രസ്‌താവനയിൽ പറയുന്നു.
മുംബൈയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള വിമാനം സുരക്ഷ കാരണങ്ങളാൽ തുർക്കിയിലേക്ക് (എർസുറം എയർപോർട്ട്) വഴിതിരിച്ചുവിട്ടു. വൈകുന്നേരം 07.05 ന് വിമാനം സുരക്ഷിതമായി ലാന്‍റ് ചെയ്‌തു. യാത്രക്കാരുടെയും ജീവനക്കാരുടെയും വിമാനത്തിന്‍റെയും സുരക്ഷയ്ക്കാണ് തങ്ങൾ ഏറ്റവും പ്രധാന്യം നൽകുന്നതെന്നും വിസ്‌താര വക്താവ് അറിയിച്ചു.
മുംബൈയിൽ നിന്ന് പറന്നുയർന്ന ശേഷം ഏതാണ്ട് അഞ്ച് മണിക്കൂർ യാത്ര ചെയ്‌ത ശേഷമാണ് വിമാനം തുർക്കിയിൽ ഇറക്കിയത്. ഫ്രാങ്ക്ഫർട്ടിലേക്ക് പിന്നെയും മൂന്നര മണിക്കൂറോളം യാത്ര ബാക്കിയുണ്ടായിരുന്നു. തുർക്കിയിൽ വിമാനം ലാന്‍റ് ചെയ്‌ത ശേഷം യാത്രക്കാരെയെല്ലാം പുറത്തിറക്കി പരിശോധന നടത്തിയിരുന്നു. അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്ന് എർസുറം വിമാനത്താവളത്തിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയിരുന്നു.
Also Read:'ബോംബ് ഇൻ ഫ്ലൈറ്റ്'; സന്ദേശം കണ്ടത് ശുചിമുറിയില്‍, മുംബൈ-തിരുവനന്തപുരം എയർ ഇന്ത്യ വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി