ഹൈദരാബാദ് :ജന്മദിനത്തിൽ തൻ്റെ പതിനാലാമത്തെ ചിത്രം പ്രഖ്യാപിച്ച് തെലുഗു നടൻ വിജയ് ദേവരകൊണ്ട. രാഹുൽ സംകൃത്യൻ ആയിരിക്കും പുതിയ ചിത്രത്തിന്‍റെ സംവിധായകന്‍. രാഹുൽ സംകൃത്യനും ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
വിഡി14 എന്നാണ് ചിത്രത്തിന് താത്‌കാലികമായി പേരിട്ടിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ രായലസീമ പ്രദേശത്തെ പശ്ചാത്തലമാക്കി ഒരു പീരിയഡ് ആക്ഷൻ ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമിക്കുന്നത്.
"ഇതിഹാസങ്ങൾ എഴുതപ്പെട്ടതല്ല, അവ നായകന്മാരുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്, വിഡി14 അവതരിപ്പിക്കുന്നു - ശപിക്കപ്പെട്ട ഭൂമിയുടെ ഇതിഹാസം - ജന്മദിനാശംസകൾ ദേവരകൊണ്ട, സംവിധാനം രാഹുൽ സംകൃത്യന്‍, നിർമാണം മൈത്രി ഒഫിഷ്യല്‍" -വിജയ്‌യുടെ 34-ാം ജന്മദിനത്തിൽ ചിത്രത്തിൻ്റെ പോസ്റ്റർ നിര്‍മാതാക്കള്‍ പുറത്തുവിട്ടതിങ്ങനെയാണ്.
വിജയ് എക്‌സില്‍ പോസ്‌റ്റുചെയ്‌ത ഒരു പോസ്‌റ്ററില്‍ "ശപിക്കപ്പെട്ട ഭൂമിയുടെ ഇതിഹാസം. 1854-1878" എന്നാണ് എഴുതിയിരിക്കുന്നത്. "ശപിക്കപ്പെട്ട ഭൂമിയുടെ ഇതിഹാസം" രാഹുൽ സംകൃത്യൻ, വിജയ് ദേവരകൊണ്ട, മൈത്രി ഒഫിഷ്യല്‍, എന്നും പോസ്‌റ്റിന് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ശ്രീലീലയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ താമസിയാതെ വെളിപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
മൃണാൽ താക്കൂറിനൊപ്പം അഭിനയിച്ച ഫാമിലി സ്റ്റാർ ആണ് വിജയ് ദേവരകൊണ്ടയുടെ അവസാന ചിത്രം. ഇത് നിലവിൽ പ്രൈം വീഡിയോയിൽ ലഭ്യമാണ്. അതേസമയം, നിർമാതാവ് ദിൽ രാജുവും സംവിധായകൻ രവി കിരൺ കോലയുമായി ചേർന്ന് വിജയ് മറ്റൊരു ചിത്രത്തിൻ്റെ തിരക്കിലാണ്. എസ്‌വിസി59 എന്ന് താത്‌കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലൂടെ റൂറല്‍ ആക്ഷൻ വിഭാഗത്തിൽ അരങ്ങേറ്റം കുറിക്കുകയാണ് വിജയ് ദേവരകൊണ്ട.
Also Read: ബോളിവുഡില്‍ തിളങ്ങാന്‍ വീണ്ടും രശ്‌മിക, ഇത്തവണ സല്‍മാന്‍ ഖാനൊപ്പം; സന്തോഷം പങ്കുവച്ച് താരത്തിന്‍റെ പോസ്റ്റ്