പ്രയാഗ്‌രാജ്/ബറെയ്‌ലി: ബുള്‍ഡോസര്‍ രാജില്‍ സുപ്രീം കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ ആശ്വാസം പ്രകടിപ്പിച്ച് ഉത്തര്‍പ്രദേശിലെ ബുള്‍ഡോസര്‍ രാജ് ഇരകള്‍. തങ്ങള്‍ക്കുണ്ടായ നഷ്‌ടത്തിന് പരിഹാരം വേണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഇവര്‍ ഉയര്‍ത്തുന്നത്.
സംസ്ഥാനത്ത് നടത്തിയ ബുള്‍ഡോസര്‍ നടപടികളില്‍ വിവിധ കോണുകളില്‍ നിന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. കയ്യേറ്റ ഭൂമികളിലെ നിര്‍മ്മിതികളാണ് തകര്‍ത്തതെന്ന വാദം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉയര്‍ത്തിയിരുന്നു.
കയ്യൂക്കൂള്ളവര്‍ കാര്യക്കാര്‍ എന്ന മട്ടിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടി കൈക്കൊണ്ടതെന്ന് വിധി പ്രസ്‌താവന വേളയില്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ കൂട്ടി അറിയിക്കാതെ ഒരു നിര്‍മ്മിതികളും പൊളിക്കരുതെന്നും കോടതി ഉത്തരവിട്ടു. കെട്ടിടങ്ങള്‍ പൊളിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും കഴിഞ്ഞ ദിവസം സുപ്രീം കോടതി പുറത്ത് വിട്ടിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പ്രയാഗ്‌രാജില്‍ ജാവേദ് മുഹമ്മദ് എന്ന പമ്പ് സെറ്റ് വ്യവസായിയുടെ വീട് സര്‍ക്കാര്‍ 2022 ജൂണ്‍ 12ന് ഇടിച്ച് നിരത്തിയിരുന്നു. ഇയാള്‍ അഞ്ച് കേസുകളില്‍ പ്രതിയാണെന്നും അട്ടാലയിലുണ്ടായ കല്ലേറിലെ മുഖ്യപ്രതിയാണെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു നടപടി. ഇയാളുടെ രണ്ട് നില വീട് ഇടിച്ച് നിരത്തുകയും ഭാര്യയെയും മകളെയും പൊലീസ് കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു.
രാത്രിയിലായിരുന്നു നടപടി. അധികൃതര്‍ മുന്‍കൂര്‍ അറിയിപ്പ് ഒന്നും നല്‍കിയിരുന്നുമില്ല. നോട്ടീസ് നല്‍കിയിരുന്നുവെന്ന അധികൃതരുടെ വാദം പൂര്‍ണമായും തെറ്റാണെന്ന് ജാവേദ് മുഹമ്മദ് പറയുന്നു. വീട് ഇടിച്ച് നിരത്തിയ ശേഷം തന്‍റെ കുടുംബം നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടു. ആരും തങ്ങളെ സഹായിക്കാനെത്തിയില്ല. തനിക്കും കുടുംബത്തിനും ഒരു വാടകവീട്ടിലേക്ക് താമസം മാറേണ്ടി വന്നു. വ്യവസായത്തില്‍ വലിയ നഷ്‌ടമുണ്ടായെന്നും ജാവേദ് പറഞ്ഞു.
അംഗീകാരമില്ലാത്ത കടകളും വീടുകളുമാണ് പൊളിച്ച് നീക്കിയതെന്നാണ് പ്രയാഗ്‌രാജ് വികസന അതോറിറ്റി സെക്രട്ടറി അജിത് സിങിന്‍റെ വാദം. പൊളിക്കലിന് മുന്‍പ് നോട്ടീസ് നല്‍കിയിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. സ്വന്തം വാദങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരവും അവര്‍ക്ക് നല്‍കിയിരുന്നതായി സിങ് ചൂണ്ടിക്കാട്ടുന്നു. അതിന് ശേഷം മാത്രമായിരുന്നു നടപടിയെന്നും ഇദ്ദേഹം അവകാശപ്പെടുന്നു.
ജൂലൈ 22ന് ബെറെയ്‌ലിയിലെ ഗൗസ്‌ഗഞ്ച് ഗ്രാമത്തിലെ ഷഹി മേഖലയില്‍ മാത്രം പതിനാറ് വീടുകള്‍ ഇടിച്ച് നിരത്തി. ഒരാളുടെ മരണത്തിന് ഇടയാക്കിയ താസിയ ഘോഷയാത്ര കലാപത്തിലെ പ്രതികളെന്ന് ആരോപിച്ചായിരുന്നു നടപടി. നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് വീട് ഇടിച്ച് നിരത്തപ്പെട്ട റസിദാന്‍, നഫീസ, സൈറ ഖത്തൂണ്‍ എന്നിവര്‍ പ്രതികരിച്ചു.
11 വീടുകള്‍ തകര്‍ക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടെന്ന് സബ്‌ഡിവിഷണല്‍ മജിസ്‌ട്രേറ്റ് തൃപ്‌തി ഗുപ്‌ത പറഞ്ഞു. ഗ്രാമസഭയുടെ ഭൂമി കയ്യേറി നിര്‍മ്മിച്ച വീടുകളായിരുന്നു അവയെന്നും അവര്‍ പറയുന്നു. പിന്നീട് അത്തരം അഞ്ച് വീടുകള്‍ കൂടി കണ്ടെത്തി. അവയും പൊളിക്കപ്പെട്ടു.
ജൂണ്‍ 22 ന് രാജീവ് റാണ, ആദിത്യ ഉപാധ്യയ് എന്നിവര്‍ ഇരുസംഘങ്ങളായി ഏറ്റുമുട്ടി. ജൂണ്‍ 27ന് തുല്‍ഷേര്‍പൂരിലുള്ള റാണയുടെ വീടും ഹോട്ടലും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തി. ഉപാധ്യയ്ക്ക് പിറ്റേദിവസവും വീട് നഷ്‌ടമായി. സുപ്രീം കോടതി വിധിക്ക് പിന്നാലെ നഷ്‌ടപരിഹാരം തേടി തങ്ങള്‍ പൊലീസ്, ജില്ലാ ഭരണകൂടം, ബറെയ്‌ലി വികസന അതോറിറ്റി എന്നിവരെ സമീപിക്കുമെന്ന് റാണയുടെ മകള്‍ അവന്തിക പറഞ്ഞു.
അതേസമയം ആദിത്യ ഉപാധ്യയയുടെ റിസോര്‍ട്ട് അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് ബിഡിഎ ചെയര്‍മാന്‍ മണികണ്‌ഠന്‍ പറയുന്നു. പൊളിക്കലിന് മുന്‍പ് നോട്ടീസ് നല്‍കിയിരുന്നില്ലെന്ന് ഉപാധ്യയയുടെ അമ്മ സാവിത്രി ദേവി വ്യക്തമാക്കി. തങ്ങള്‍ക്ക് സാധനങ്ങള്‍ എടുക്കാന്‍ പോലുമുള്ള സമയം കിട്ടിയില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
കല്യാണ്‍പൂര്‍ ഗ്രാമത്തില്‍ അഞ്ച് വീടുകള്‍ തകര്‍ക്കപ്പെട്ടു. പടക്ക നിര്‍മ്മാണശാലക്ക് തീപിടിച്ച് എട്ടുപേര്‍ ഒക്‌ടോബര്‍ ആറിന് മരിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. പൊട്ടിത്തെറിയെ തുടര്‍ന്ന് ഈ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നെന്നും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കാതിരിക്കാനാണ് ഇത് തകര്‍ത്തതെന്നുമാണ് അധികൃതരുടെ ഭാഷ്യം.
Also Read:സുപ്രീം കോടതിയുടെ ഇടപെടൽ; ചർച്ചയായി യോഗിയുടെ പ്രധാന ബുള്‍ഡോസര്‍ നടപടികള്‍