ബെംഗളൂരു : കർണാടക മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ (കെഎംവിഎസ്‌ടിഡിസി) അനധികൃത പണമിടപാട് നടത്തിയെന്ന കേസിൽ കോൺഗ്രസ് എംഎൽഎയും കർണാടക മുൻ മന്ത്രിയുമായ ബി നാഗേന്ദ്രയെ കസ്റ്റഡിയിലെടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് (ഇഡി). ബെംഗളൂരുവിലെ ഡോളർ കോളനിയിലെ വസതിയിൽ രണ്ട് ദിവസം നീണ്ട് നിന്ന റെയ്‌ഡ് നടന്നപ്പോൾ നാഗേന്ദ്ര വീട്ടതടങ്കലിലായിരുന്നു.
കുംഭകോണവുമായി ബന്ധപ്പെട്ട് ബി നാഗേന്ദ്രയുടെയും കോൺഗ്രസ് എംഎൽഎ ബസനഗൗഡ ദദ്ദലിൻ്റെയും ബെംഗളൂരു, റായ്ച്ചൂർ, ബല്ലാരി എന്നിവിടങ്ങളിലെ വസതികളിൽ ബുധനാഴ്‌ച (ജൂലൈ 10) രാവിലെ ഇഡി ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തിയിരുന്നു. വ്യാഴാഴ്‌ചയും ഇഡി റെയ്‌ഡ് തുടർന്നിരുന്നു. ഇന്ന് (ജൂലൈ 12) പുലർച്ചെ കസ്റ്റഡിയിലെടുത്ത നാഗേന്ദ്രയെ ചോദ്യം ചെയ്യുന്നതിനായി ബെംഗളൂരുവിലെ ശാന്തിനഗറിലുള്ള ഇഡി ഓഫിസിലേക്ക് കൊണ്ടുപോയി.