ഡെറാഡൂണ്‍: ഏക സിവില്‍ കോഡിനുള്ള ബില്ല് രാഷ്‌ട്രപതിയുടെ അനുമതിക്കയച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഉത്തരാഖണ്ഡ് നിയമസഭയില്‍ പാസായ ബില്ല് ഗവര്‍ണര്‍ ഗുര്‍മീത് സിങ് ഒപ്പുവെച്ച ശേഷമാണ് രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ അനുമതിക്കായി അയച്ചത്. രാഷ്‌ട്രപതി ഒപ്പുവെക്കുന്നതോടെ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് വൃത്തങ്ങള്‍ അറിയിക്കുന്നു.
ലോക്‌സാഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിക്കുമെന്നാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ക്കാരിന്‍റെ പ്രതീക്ഷ.അനുമതി ലഭിച്ചാല്‍ രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമാകും ഉത്തരാഖണ്ഡ്. ഉത്തരാഖണ്ഡിന്‍റെ ചുവടു പിടിച്ച് മറ്റു സംസ്ഥാനങ്ങളിലും ഏക സിവില്‍ കോഡ് നടപ്പാക്കാമെന്നാണ് ബിജെപി കണക്കു കൂട്ടുന്നത്.
ഏക സിവിൽ കോഡിന്‍റെ പ്രധാന വ്യവസ്ഥകൾ ഇവയാണ്:
- വിവാഹ രജിസ്ട്രേഷൻ നിർബന്ധമാക്കും. രജിസ്ട്രേഷൻ നടത്താത്ത പക്ഷം സർക്കാർ ആനുകൂല്യങ്ങള്‍ നഷ്‌ടമാകും.
- ഭാര്യയും ഭർത്താവും ജീവിച്ചിരിക്കുന്നിടത്തോളം കാലം രണ്ടാം വിവാഹം പൂർണ്ണമായും നിരോധിക്കും.
- എല്ലാ മതസ്ഥര്‍ക്കും വിവാഹത്തിനുള്ള കുറഞ്ഞ പ്രായം, ആൺകുട്ടികൾക്ക് 21 വയസും പെൺകുട്ടികൾക്ക് 18 വയസും ആയി നിശ്ചയിച്ചു.
- ദമ്പതികളിൽ ഒരാൾ മറ്റൊരാളുടെ സമ്മതമില്ലാതെ മതം മാറിയാൽ, മറ്റേയാൾക്ക് വിവാഹ മോചനം നേടാനും ജീവനാംശം നേടാനുമുള്ള പൂർണ അവകാശം ലഭിക്കും.
- വിവാഹ മോചനമോ ഗാർഹിക തർക്കമോ ഉണ്ടായാൽ, 5 വയസുവരെയുള്ള കുട്ടിയുടെ സംരക്ഷണം അമ്മയ്ക്ക് ആയിരിക്കും.
- എല്ലാ മതങ്ങളിലും വിവാഹമോചനത്തില്‍ ദമ്പതികള്‍ക്ക് തുല്യാവകാശം നൽകാനുള്ള വ്യവസ്ഥ.
- മുസ്ലീം സമുദായത്തിൽ പ്രചാരത്തിലുള്ള ഹലാല, ഇദ്ദത് തുടങ്ങിയ ആചാരങ്ങൾ നിരോധിക്കും.
- എല്ലാ മതങ്ങളിലും സമുദായങ്ങളിലുമുള്ള പെണ്‍മക്കള്‍ക്ക് സ്വത്തിൽ തുല്യ അവകാശം നൽകും.
- സ്വത്തവകാശത്തിന്‍റെ കാര്യത്തിൽ നിയമാനുസൃതവും നിയമ വിരുദ്ധവുമായ കുട്ടികൾ എന്ന വ്യത്യാസം ഉണ്ടാകില്ല. നിയമാനുസൃതമായി വിവാഹം കഴിച്ചിട്ടാല്ലത്തവരുടെ കുട്ടികളും ആ ദമ്പതികളുടെ സ്വന്തം കുട്ടികളായി കണക്കാക്കപ്പെടും.
- ഒരാളുടെ മരണശേഷം അയാളുടെ സ്വത്തിൽ ഭാര്യക്കും കുട്ടികൾക്കും തുല്യ അവകാശം ലഭിക്കും. സ്വത്തിൽ അമ്മയ്ക്കും അച്ഛനും തുല്യ അവകാശം ഉണ്ടാകും. ഉദരത്തിലുള്ള കുട്ടിയുടെ സ്വത്തവകാശവും സംരക്ഷിക്കപ്പെടും.