ന്യൂഡൽഹി :മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റിൽ നഗര നവീകരണത്തിന് പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ഇ കൊമേഴ്‌സ് എക്‌സ്‌പോർട്ട് ഹബുകൾ സ്ഥാപിക്കുമെന്നും നൂറ് നഗരങ്ങളിൽ വ്യവസായ പാർക്ക് നിർമിക്കുമെന്നും മന്ത്രി പറഞ്ഞു. 30 ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള 14 വലിയ നഗരങ്ങളിൽ ട്രാൻസിറ്റ് ഓറിയന്‍റഡ് വികസന പദ്ധതികൾ ആവിഷ്‌ക്കരിക്കും. മാത്രമല്ല സാമ്പത്തികവും ഗതാഗത ആസൂത്രണവും വഴി നഗരപ്രദേശങ്ങളുടെ ക്രമാനുഗതമായ വികസനം സാധ്യമാക്കുമെന്നും നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു.
‘നഗരങ്ങളെ വളർച്ച കേന്ദ്രങ്ങളായി’ വികസിപ്പിക്കാൻ സർക്കാർ സൗകര്യമൊരുക്കും. സാമ്പത്തികവും ഗതാഗത ആസൂത്രണവും നഗരാസൂത്രണ പദ്ധതികൾ ഉപയോഗിച്ച് പെരി-അർബൻ പ്രദേശങ്ങളുടെ ചിട്ടയായ വികസനവും വഴി ഇത് കൈവരിക്കും. വലിയ നഗരങ്ങൾക്കുള്ള ജലവിതരണം, മലിനജല സംസ്‌കരണം, ഖരമാലിന്യ സംസ്‌കരണ പദ്ധതികളും സേവനങ്ങളും നടപ്പിലാക്കും. പ്രധാനമന്ത്രി ആവാസ് യോജന 2.0 പ്രകാരം നഗരങ്ങളിലെ ദരിദ്രർക്കും ഇടത്തരം കുടുംബങ്ങൾക്കും ഒരു കോടി ഭവനങ്ങള്‍ നിര്‍മിച്ച് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.