ലഖ്‌നൗ : 'ചെറുപ്പം മുതല്‍ പഠനത്തില്‍ മിടുക്കനായിരുന്നൊരു കുട്ടി' -ആദിത്യ ശ്രീവാസ്‌തവയെ കുറിച്ച് അറിയാവുന്നവരോട് ചോദിച്ചാല്‍ ആദ്യം കിട്ടുന്ന ഉത്തരം ഇങ്ങനെയാണ്. സിവില്‍ സര്‍വീസ് എന്ന സ്വപ്‌നം ആദിത്യയുടെ മനസില്‍ കൂടുകൂട്ടിയതും നന്നേ ചെറുപ്പത്തില്‍ തന്നെ. ഐഎഎസ് ഓഫിസറായ അമ്മാവനായിരുന്നു അവന്‍റെ റോള്‍ മോഡല്‍. വലുതാകുമ്പോള്‍ അമ്മാവനെപ്പോലെ മികച്ചൊരു ഐഎഎസ് ഓഫിസറാകാന്‍ അവനും ആഗ്രഹിച്ചു. അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്‌തു.
ആരാണ് ആദിത്യ ശ്രീവാസ്‌തവ. ലഖ്‌നൗ സ്വദേശിയും കേന്ദ്ര ഓഡിറ്റ് വകുപ്പില്‍ ഉദ്യോഗസ്ഥനുമായ അജയ് ശ്രീവാസ്‌തവയുടെയും വീട്ടമ്മയായ ആഭ ശ്രീവാസ്‌തവയുടെയും രണ്ട് മക്കളില്‍ മൂത്തവന്‍, യുപിഎസ്‌സി ഫലം പുറത്തുവരുന്നതുവരെ ഇതായിരുന്നു ആദിത്യ. 2023ല്‍ നടന്ന യുപിഎസ്‌സി പരീക്ഷയില്‍ ദേശീയ തലത്തില്‍ ഒന്നാം റാങ്ക്, അതും കോച്ചിങ്ങൊന്നും ഇല്ലാതെ, മാതാപിതാക്കളെ പോലും ഞെട്ടിച്ചിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍.
'റിസള്‍ട്ട് വരുന്ന ദിവസം, ആദിത്യയുടെ ഫോണ്‍ കോള്‍ വരുന്നതിന് ഒരു പത്ത് മിനിറ്റ് മുന്‍പ് വരെ ഞാന്‍ വെബ്‌സൈറ്റ് പരിശോധിച്ചിരുന്നു. അപ്പോഴൊന്നും റിസള്‍ട്ട് വന്നിരുന്നില്ല. റിസള്‍ട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെ അവന്‍ വാട്‌സ്‌ആപ്പ് വഴി വിളിക്കുകയായിരുന്നു. 'പപ്പാ കുറച്ച് അധികമായി പോയി, ദേശീയ തലത്തില്‍ ഞാന്‍ ഒന്നാം റാങ്ക് നേടിയിരിക്കുന്നു അങ്ങനെയാണ് അവന്‍ പറഞ്ഞത്' - മകന്‍റെ നേട്ടത്തെ കുറിച്ച് പറയുമ്പോള്‍ അജയ് ശ്രീവാസ്‌തവയുടെ കണ്ണുകളില്‍ ആനന്ദാശ്രു പൊടിഞ്ഞു.
വിവരം അറിഞ്ഞതോടെ ആദിത്യയുടെ വീട്ടില്‍ ഉത്സവ പ്രതീതിയായിരുന്നു. 'എന്നെങ്കിലും മകനൊരു ഐഎഎസ് ഓഫിസര്‍ ആകുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ആദ്യ അഞ്ച് റാങ്കില്‍ അവന്‍ ഉള്‍പ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ അവന്‍ ഒന്നാം റാങ്ക് തന്നെ വാങ്ങി യഥാര്‍ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു' - പറഞ്ഞത് ആദിത്യയുടെ അമ്മ ആഭ.