മൊറാദാബാദ് : ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോൺഗ്രസിന് 11 സീറ്റ് നൽകാൻ ധാരണയായതായുള്ള അഖിലേഷ് യാദവിന്‍റെ പ്രസ്‌താവനയോട് പ്രതികരിച്ച് യുപി കോൺഗ്രസ് ജനറൽ സെക്രട്ടറി സച്ചിൻ ചൗധരി (UP congress leader Sachin Chaudhary). സീറ്റുകള്‍ സംബന്ധിച്ചുള്ള ഈ കരാർ സമാജ്‌വാദി പാർട്ടി ഔദ്യോഗികമായി തങ്ങളെ അറിയിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചില സീറ്റുകൾ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. കൂടുതൽ ചർച്ചകൾ വേണ്ടിവരുമെന്നും സച്ചിൻ ചൗധരി പറഞ്ഞു.
സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് വിഭജനത്തിൽ കോൺഗ്രസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഏതാനും സീറ്റുകൾക്കായുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതുസംബന്ധിച്ച് കൂടുതൽ ചർച്ചകൾ വേണ്ടിവരും. ഇക്കാര്യത്തിൽ അഖിലേഷ് ജി വലിയ മനസ് കാണിക്കുമെന്നാണ് പ്രതീക്ഷ. യുപിയിൽ അദ്ദേഹത്തിന്‍റെ രാഷ്ട്രീയം നടപ്പാക്കണം.
അതിന് സമാന ചിന്താഗതിക്കാരായ എല്ലാ കക്ഷികളെയും ഒപ്പം നിർത്തണമെന്ന് അദ്ദേഹം മനസിലാക്കണം. രാഹുൽജിയും പ്രിയങ്കാജിയും ഒറ്റയ്ക്ക് പോരാടുകയാണ്. ഇന്ത്യ സഖ്യത്തിൽ നിന്നും കൂടുതൽ പിന്തുണ ഉണ്ടാകണം. നിലവിൽ അദ്ദേഹം ഭാരത് ജോഡോ ന്യായ് യാത്രയുടെ നടുവിലാണ്. ഇതുപോലൊരു നീക്കം മറ്റേതെങ്കിലും ഒരു പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടോ ?. എൻഡിഎയ്‌ക്കെതിരെ ശക്തമായ വെല്ലുവിളി ഉയർത്താൻ സീറ്റ് വിഭജനത്തിലൂടെ സാധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു- ചൗധരി പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ശക്തമായ 11 സീറ്റുകൾ വാഗ്‌ദാനം ചെയ്‌തതിലൂടെ കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്ക് നല്ല തുടക്കമായിരുന്നെന്ന് അഖിലേഷ് യാദവ് ശനിയാഴ്‌ച പറഞ്ഞിരുന്നു.' 11 സീറ്റുകളിൽ കോണ്‍ഗ്രസ് മത്സരിക്കും. ഇതൊരു നല്ല തുടക്കമാണ്. ഈ സമവാക്യവുമായി ഞങ്ങൾ മുന്നോട്ടുപോകും. ഇത് ഞങ്ങളെ വിജയത്തിലേക്ക് നയിക്കും. ഞങ്ങൾ ചരിത്രം മാറ്റിമറിക്കും' - മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് എക്‌സിൽ കുറിച്ചു.
യുപിയിലെ 80 പാർലമെന്‍റ് സീറ്റുകളിൽ നിന്ന് തങ്ങള്‍ പരമാവധി അംഗങ്ങളെ ലോക്‌സഭയിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻ എംപിമാർ, എംഎൽഎമാർ, എംഎൽസിമാർ തുടങ്ങിയവരുൾപ്പടെ പാർട്ടി നേതാക്കളുമായി ലഖ്‌നൗവിൽ വച്ച് ഈ മാസം ആദ്യം അഖിലേഷ് കൂടിക്കാഴ്‌ച നടത്തിയിരുന്നു.