ചെന്നൈ (തമിഴ്‌നാട്) :പ്രളയക്കെടുതി നേരിടാൻ തമിഴ്‌നാടിന് കൂടുതൽ ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്ന കാര്യം കേന്ദ്രം ഉടൻ തീരുമാനിക്കുമെന്ന് കേന്ദ്രമന്ത്രി എൽ മുരുകൻ പറഞ്ഞു. ഇത് സംബന്ധിച്ച് കേന്ദ്ര വസ്‌തുതാന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമാകും അധിക ഫണ്ട് അനുവദിക്കുകയെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ഞായറാഴ്‌ച (11-02-2024) മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
സംസ്ഥാനത്തിനുള്ള ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്രസർക്കാരിന്‍റെ അവഗണനയും പക്ഷപാതവും ആരോപിച്ച് വ്യാഴാഴ്‌ച (08-02-2024) പാർലമെന്‍റ് ഹൗസ് സമുച്ചയത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഡിഎംകെ എംപിമാർ നടത്തിയ പ്രതിഷേധത്തിനിടെയാണ് മന്ത്രിയുടെ ഈ പ്രതികരണം.
"കേന്ദ്ര സർക്കാർ ഇതിനകം തമിഴ്‌നാടിന് ദുരന്തനിവാരണ ഫണ്ടായി 1,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അധിക തുക ആവശ്യപ്പെടുന്നതിന് മുമ്പ് സംസ്ഥാന സർക്കാർ ആദ്യം ആ തുക വിനിയോഗിക്കണം എന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ രൂപീകരിച്ച സമിതി റിപ്പോർട്ട് തയ്യാറാക്കുന്ന ഘട്ടത്തിലാണെന്നും, റിപ്പോർട്ട് ലഭിച്ചാലുടൻ അധിക ഫണ്ട് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിൽ ചർച്ച നടത്തിയിട്ടും തമിഴ്‌നാടിന് കേന്ദ്രത്തിൽ നിന്ന് ദുരിതാശ്വാസ ഫണ്ട് ലഭിച്ചില്ലെന്ന് ഡിഎംകെ എംപിമാർ പ്രതിഷേധത്തിനിടെ ആരോപിച്ചിരുന്നു. തമിഴ്‌നാട്ടിലെ ദുരിതബാധിതരുടെയും പ്രളയബാധിതരുടെയും ആവശ്യങ്ങളോട് കേന്ദ്രം അനുഭാവം കാണിക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.
വെള്ളപ്പൊക്കത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ദുരന്തത്തിന് ശേഷമുള്ള കാര്യങ്ങൾ നേരിടാൻ സർക്കാരിനെ പ്രാപ്‌തമാക്കാനും ജനങ്ങൾക്ക് സമയോചിതമായ സഹായവും ആശ്വാസവും നൽകാനും അധിക ഫണ്ട് അനുവദിക്കണമെന്നും ഭരണകക്ഷിയായ ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. ജനുവരി 27നകം അധിക ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ഉറപ്പ് നൽകിയെങ്കിലും ഇതുവരെ ഒരു പൈസ പോലും അയച്ചിട്ടില്ലെന്നും ഡിഎംകെ എംപിമാർ ആരോപിച്ചു.