ന്യൂഡൽഹി : നീറ്റ് പരീക്ഷ വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറാണ് എന്നാൽ അത് മര്യാദ നിലനിർത്തിക്കൊണ്ട് നടത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. നീറ്റ്-യുജി പരീക്ഷയിലെ ക്രമക്കേടുകൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭ പിരിഞ്ഞതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർഥികളെ ആശയക്കുഴപ്പത്തിലാക്കരുതെന്നും മന്ത്രി അഭ്യർഥിച്ചു.
'സർക്കാർ എല്ലാവിധ ചർച്ചകൾക്കും തയ്യാറാണ്. എന്നാൽ മാനദണ്ഡങ്ങളും മര്യാദയും പാലിച്ചാണ് എല്ലാം നടക്കേണ്ടത്. രാഷ്‌ട്രപതി ഇന്നലെ നടത്തിയ പ്രസംഗത്തിൽ പരീക്ഷയെ കുറിച്ച് സംസാരിച്ചിരുന്നു. ഏത് പ്രശ്‌നവും നേരിടാൻ തങ്ങൾ തയ്യാറാണെന്ന സർക്കാരിന്‍റെ സന്ദേശമാണ് ഇത് വ്യക്തമാക്കുന്നത്.'- ധര്‍മേന്ദ്ര പ്രധാൻ പാർലമെന്‍റിന് പുറത്ത് പറഞ്ഞു.
രാജ്യത്തെ യുവജനങ്ങളോടും വിദ്യാർഥികളോടുമാണ് സർക്കാരിന്‍റെ ഉത്തരവാദിത്തമെന്ന് പറഞ്ഞ ധര്‍മേന്ദ്ര പ്രധാന്‍ അതില്‍ എന്താണ് ആശയക്കുഴപ്പമെന്നും ചോദിച്ചു. 'ഞങ്ങൾ കർശനമായ നടപടിയെടുക്കാൻ പോവുകയാണ്. ഇതില്‍ ഉള്‍പ്പെട്ട എല്ലാവരെയും സിബിഐ പിടികൂടും. ഞങ്ങൾ ആരെയും ഒഴിവാക്കില്ല.'- പ്രധാൻ പറഞ്ഞു.
പരിഷ്‌കാരങ്ങൾക്കായി ഒരു ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്‌ത പരീക്ഷകളുടെ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. ചർച്ചയിൽ പങ്കെടുക്കാൻ പ്രതിപക്ഷത്തോട് അഭ്യർഥിക്കുന്നതായും ധര്‍മേന്ദ്ര പ്രധാൻ മാധ്യമങ്ങളോട് പറഞ്ഞു.
മെയ് 5 ന് ആണ് എന്‍ടിഎ, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (അണ്ടർ ഗ്രാജ്വേറ്റ്) അഥവാ നീറ്റ് യുജി പരീക്ഷ നടത്തിയത്. ഏകദേശം 24 ലക്ഷം ഉദ്യോഗാർഥികളാണ് പരീക്ഷ എഴുതിയത്. ജൂൺ 4 ന് ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തന്നെ ബിഹാർ പോലുള്ള സംസ്ഥാനങ്ങളിൽ നിന്ന് ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും സംബന്ധിച്ച ആരോപണങ്ങള്‍ ഉയർന്നു.
രാഷ്ട്രപതി ദ്രൗപതി മുർമു വ്യാഴാഴ്ച ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്‌തിരുന്നു. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് ലോക്‌സഭ 16 മണിക്കൂർ സമയം അനുവദിച്ചു. ചർച്ചയ്ക്കുള്ള മറുപടി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്‌ച നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read :നീറ്റ് പരീക്ഷയിൽ നിന്ന് ഒഴിവാക്കണം; ഐക്യകണ്‌ഠേന പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ - TN Assembly resolution against NEET