കണ്ണൂര്‍ : ട്രെയിനിന് അടിയില്‍ പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ടയാളെ തിരിച്ചറിഞ്ഞു. നാലുമുക്ക് സ്വദേശി പവിത്രനാണ് ട്രെയിനിനടിയിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. ഫോണ്‍ ചെയ്‌തുകൊണ്ട് നടക്കുന്നതിനിടെ പെട്ടെന്നാണ് ട്രെയിന്‍ വരുന്നത് കണ്ടത്. ട്രെയിന്‍ മുന്നിലെത്തിയപ്പോഴാണ് കാണുന്നത്.
പേടിച്ചിരുന്നു. അറിയാതെ പെട്ടുപോയി. അങ്ങോട്ടും ഇങ്ങോട്ടും നീങ്ങാനാവാത്ത അവസ്ഥ. പിന്നീട് ഒന്നും നോക്കിയില്ല. ട്രാക്കിന് നടുവില്‍ അമര്‍ന്നങ്ങു കിടന്നു. വണ്ടി അങ്ങ് പോയി എന്ന് പവിത്രന്‍ പറഞ്ഞു.
വണ്ടി പോകുന്നതുവരെ അനങ്ങാതെ കിടന്നു. വണ്ടി പോയശേഷം എഴുന്നേറ്റ് വീട്ടിലേക്ക് പോയെന്നും പവിത്രന്‍ കൂട്ടിച്ചേർത്തു. സ്ഥലത്ത് ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല. പെട്ടെന്ന് തീവണ്ടി മുമ്പിൽ കണ്ടപ്പോൾ പേടിച്ചു പോയി. വണ്ടി മുന്നില്‍ വരുമ്പോള്‍ ആരായാലും പേടിക്കുമല്ലോ എന്നും പവിത്രൻ പറഞ്ഞു.
ആ പേടി ഇപ്പോഴുമുണ്ട്. ഇപ്പോഴും ആ ഞെട്ടലില്‍ നിന്നും മാറിയിട്ടില്ല. താൻ മദ്യപിച്ചിരുന്നൊന്നുമില്ല. അറിയാതെ ട്രെയിനിന് മുന്നില്‍ പെട്ടുപോയതാണ്. സ്ഥിരം റെയില്‍വേ ട്രാക്കിന് സമീപത്തു കൂടി വരാറുള്ളതാണെന്നും പവിത്രന്‍ വ്യക്തമാക്കി. സ്‌കൂള്‍ ബസിലെ ക്ലീനറാണ് പവിത്രന്‍. ഇന്നലെയും സ്‌കൂളില്‍ ക്ലാസുണ്ടായിരുന്നു. സ്‌കൂളില്‍ ബസ് വച്ച് തിരിച്ചു വരുന്നതിനിടെയാണ് സംഭവം.
അതേസമയം ഇതിനുമുമ്പ് ഇങ്ങനെയൊരു സാഹചര്യമൊന്നും ഉണ്ടായിട്ടില്ലെന്നും പവിത്രൻ പറഞ്ഞു. ട്രെയിന്‍ വന്നതിന്‍റെ ശബ്‌ദമോ ഹോണടിയോ ഒന്നും കേട്ടില്ല. പെട്ടെന്ന് കണ്ടപ്പോൾ ട്രാക്കിൽ അമർന്ന് കിടക്കാനാണ് തോന്നിയത്. അതങ്ങനെ തന്നെ ചെയ്‌തുവെന്നും പവിത്രൻ കൂട്ടിച്ചേർത്തു.
പാളത്തിന് സമീപത്ത് നിന്ന് ശ്രീജിത്ത് എന്ന ആളാണ് പവിത്രൻ ട്രെയിനിനടിയിൽ പെട്ടതിന്‍റെ ദൃശ്യം പകർത്തിയത്. അതേസമയം ട്രാക്കിൽ അതിക്രമിച്ച് കടന്നതിന് റെയിൽവേ ഉദ്യഗസ്ഥരും പൊലീസും നടപടി എടുക്കുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. മനപൂർവമല്ലാത്ത നടപടിയായതിനാൽ അദ്ദേഹത്തെ വെറുതെ വിടാനുള്ള സാധ്യതയാണ് കൂടുതൽ എന്നാണ് പൊലീസിന്‍റെ ഭാഷ്യം. ചിറക്കലിനും കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനുമിടയില്‍ പന്നേന്‍പാറയില്‍വച്ചാണ് സംഭവം നടന്നത്.
സംഭവം ഇങ്ങനെ : കഴിഞ്ഞ ദിവസം തീവണ്ടി കടന്നുപോകുമ്പോള്‍ പാളത്തില്‍ കമിഴ്ന്നുകിടന്നയാള്‍ രക്ഷപ്പെട്ട കഥ വൈറലായിരുന്നു. ഒരു പരിക്കും കൂടാതെ രക്ഷപ്പെട്ട് നടന്നു പോകുന്ന ദൃശ്യങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇന്നലെ (ഡിസംബർ 23) വൈകിട്ട് കണ്ണൂര്‍ പന്നേന്‍പാറയിലായിരുന്നു സംഭവം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തീവണ്ടി കടന്നുപോകുന്ന സമയമത്രയും ഇയാള്‍ പാളത്തില്‍ അമര്‍ന്നുകിടന്നു. വണ്ടി പോയ ശേഷം കൂസലില്ലാതെ എഴുന്നേറ്റ് പോകുന്നതും ദൃശ്യത്തില്‍ കാണാം.
Also Read: മലയാളികള്‍ക്ക് റെയില്‍വേയുടെ ക്രിസ്‌മസ് സമ്മാനം; സ്പെഷ്യല്‍ ട്രെയിനുകള്‍ നാളെ മുതല്‍