ന്യൂഡല്‍ഹി: കഴിഞ്ഞ പത്ത് വർഷത്തെ ബിജെപി സർക്കാരിന്‍റെ പ്രവർത്തനം വിശദീകരിച്ച് ധനമന്ത്രി നിർമല സീതാരാമന്‍റെ ഇടക്കാല ബജറ്റ്. വമ്പൻ പ്രഖ്യാപനങ്ങളില്ലാതെ നികുതി നിരക്കില്‍ മാറ്റങ്ങൾ പ്രഖ്യാപിക്കാതെയും അടുത്ത അഞ്ച് വർഷം രണ്ട് കോടി വീടുകൾ പ്രഖ്യാപിച്ചും ഒരു മണിക്കൂറില്‍ ധനമന്ത്രി ബജറ്റ് പ്രസംഗം അവസാനിപ്പിച്ചു. ആദായ നികുതി പരിധിയിലും ഒരു മാറ്റവും വരുത്താന്‍ ധനമന്ത്രി തയ്യാറായില്ല. പഴയ സ്‌കീമിലും പുതിയ സ്‌കീമിലും നിലവിലെ നികുതി സ്ലാബുകള്‍ തന്നെ തുടരുമെന്നും മന്ത്രി പറഞ്ഞു.
വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെയാണ് രണ്ടാംമോദി സര്‍ക്കാരിന്‍റെ ഇടക്കാല ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. വരുന്ന ജൂലായില്‍ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച ധനമന്ത്രി പത്ത് വര്‍ഷത്തെ പ്രകടനം മുന്‍നിര്‍ത്തി ജനങ്ങള്‍ വീണ്ടും മോദി സര്‍ക്കാരിനെ അനുഗ്രഹിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മോദി സർക്കാരിന്‍റെ ഭരണത്തില്‍ സാമ്പത്തിക രംഗത്ത് നവോൻമേഷമുണ്ടായെന്നും തൊഴില്‍ സാധ്യതകൾ വർധിച്ചെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
ജനങ്ങളുടെ ആശീർവാദം ഈ സർക്കാരിനുണ്ടെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച ധനമന്ത്രി സാമൂഹിക നീതിയാണ് മോദി സർക്കാരിന്‍റെ ഭരണ രീതിയെന്നും പാവപ്പെട്ടവരെ ശാക്‌തീകരിക്കുകയാണ് ലക്ഷ്യമെന്നും മോദി സർക്കാർ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്നും ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
പ്രധാന പ്രഖ്യാപനങ്ങൾ:പുരപ്പുര സോളാര്‍ പദ്ധതിയിലൂടെ ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതരാമൻ ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ചു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പ്രധാനമന്ത്രിയുടെ തീരുമാനത്തെ തുടർന്നാണ് ഈ പദ്ധതിയെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ഇടത്തരം കുടുംബങ്ങൾക്ക് പാർപ്പിട സൗകര്യം ഒരുക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. വാടക വീടുകളിലോ ചേരികളിലോ കോളനികളിലോ താമസിക്കുന്ന മധ്യവർഗത്തിലെ അർഹരായ വിഭാഗങ്ങൾക്ക് സ്വന്തമായി വീട് വാങ്ങാനോ നിർമ്മിക്കാനോ സഹായിക്കുന്നതിന് പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
നിലവിലുള്ള ആശുപത്രി അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്നും പ്രശ്‌നങ്ങൾ പരിശോധിച്ച് ശുപാർശ നൽകുന്നതിന് സമിതി രൂപീകരിക്കുമെന്നും നിർമല സീതരാമൻ അറിയിച്ചു. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ആശാ വര്‍ക്കര്‍മാരെയും അംഗന്‍വാടി ജീവനക്കാരെയും ഉള്‍പ്പെടുത്തി ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. അതോടൊപ്പം ഇലക്‌ട്രിക് വാഹന വിപണിക്ക് കൂടുതല്‍ സഹായവും ധനമന്ത്രി പ്രഖ്യാപിച്ചു.
ബജറ്റില്‍ പത്ത് വർഷത്തെ മോദി ഭരണം: രാജ്യത്ത് അഴിമതിയും സ്വജനപക്ഷപാതിത്വവും കുറഞ്ഞുവെന്നും ദാരിദ്ര്യ നിർമാർജനം യാഥാർഥ്യമാക്കിയെന്നും ഭക്ഷണത്തെ കുറിച്ച് ഇപ്പോൾ ആശങ്കയില്ലെന്നും ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നല്‍കി. കർഷകരെ കരുതിയ കാലമെന്നും 2047 ല്‍ വികസിത ഭാരതമാണ് ലക്ഷ്യമെന്നും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം.