ഡെറാഡൂൺ:ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് (യുസിസി- Uniform Civil Code) നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. മുൻ ജഡ്‌ജി രഞ്ജന ദേശായി അധ്യക്ഷയായി രൂപീകരിച്ച അഞ്ചംഗ വിദഗ്‌ധ സമിതി അന്തിമ കരട് തയ്യാറാക്കിക്കഴിഞ്ഞു. അന്തിമ കരട് വിദഗ്‌ധ സമിതി ഫെബ്രുവരി രണ്ടിന് സംസ്ഥാന സർക്കാരിന് സമർപ്പിക്കും (UCC Bill To Be Tabled In Uttarakhand Assembly Soon).
ശേഷം, ഫെബ്രുവരി 5 ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ സംസ്ഥാന സർക്കാർ യുസിസിയുടെ കരട് അവതരിപ്പിക്കും. കരട് ബിൽ സഭയിൽ പാസാക്കിയാൽ ഉത്തരാഖണ്ഡ് സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് പൂർണമായി നടപ്പിൽ വരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് ഏറെ നാളായി നടക്കുന്ന ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കുമാണ് ഇതോടെ അവസാനമാകുക. ഫെബ്രുവരി രണ്ടിന് വിദഗ്‌ധ സമിതി സർക്കാരിന് യുസിസി അന്തിമ കരട് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി തന്നെ തിങ്കളാഴ്‌ച ട്വീറ്റ് ചെയ്‌തിരുന്നു. 'ഏക് ഭാരത് ശ്രേഷ്‌ഠ് ഭാരത്' (ഐക്യവും ശക്തവുമായ ഇന്ത്യ) ദർശനത്തിനും നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് മുന്നിൽ വെച്ച പ്രമേയത്തിനും കീഴിൽ, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ഉത്തരാഖണ്ഡ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നായിരുന്നു മുഖ്യമന്ത്രി ധാമി ട്വീറ്റ് ചെയ്‌തത്.
ഇതിന് പിന്നാലെ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിൽ വരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കും ചൂടുപിടിച്ചു. ഇതിനിടെ ഈ വിഷയത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് പാർട്ടിയും രംഗത്തെത്തിയിരുന്നു.