ജയ്‌പുര്‍ : വിനോദ സഞ്ചാരത്തിന് ഇന്ത്യയിലെത്തിയ വിദേശിയെ കബളിപ്പിച്ച കേസില്‍ ഹെഡ് കോൺസ്‌റ്റബിളിനെയും കോൺസ്‌റ്റബിളിനെയും രാജസ്ഥാന്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ജയ്‌പുരിലെ വിദ്യക്‌പുരി പൊലീസ് സ്‌റ്റേഷനിലെ ഹെഡ് കോൺസ്‌റ്റബിൾ സത്യേന്ദ്ര സിങ്, കോൺസ്‌റ്റബിൾ രാജ്‌കുമാർ എന്നിവരാണ് അറസ്‌റ്റിലായത്. ജാപ്പനീസ് വിനോദ സഞ്ചാരിയെ കബളിപ്പിച്ച് 31 ലക്ഷം രൂപ തട്ടിയെടുത്തവരുമായി ഒത്തുകളിച്ചതിനാണ് നടപടി. കേസിലെ മുഖ്യ പ്രതികളായ അസ്‌ഗർ, ഷരീഫ്, ഖയൂം എന്നിവരെ മാർച്ച് 29-ന് പൊലീസ് പിടികൂടിയിരുന്നു.
2022 ഡിസംബറിൽ, ജയ്‌പുർ സന്ദർശനത്തിനിടെ തന്‍റെ 31 ലക്ഷം രൂപ തട്ടിയതായി ജപ്പാന്‍ പൗരനായ സസൂൺ തകേഷി എംബസി വഴി പരാതി നൽകി. പരാതി രാജസ്ഥാൻ പൊലീസിന് കൈമാറിയപ്പോൾ, സത്യേന്ദ്ര സിങ്ങും രാജ്‌കുമാറും ചേര്‍ന്ന് ഏഴ് ലക്ഷം രൂപ തട്ടിപ്പുകാരില്‍ നിന്ന് കൈക്കലാക്കുകയായിരുന്നു. ശേഷം ഇവര്‍ പരാതിക്കാരനെ വഞ്ചിച്ച്, അന്വേഷണം അവസാനിപ്പിച്ചു.
2022 ഡിസംബർ 2-ന് ആണ് തകേഷി ജയ്‌പുരിലെത്തിയത്. ഇവിടെ ഒരു ഹോട്ടലിലാണ് തകേഷി താമസിച്ചത്. അടുത്ത ദിവസം, ഓട്ടോ ഡ്രൈവറായ ഷരീഫ് ജാപ്പനീസ് ഭാഷയിൽ സംസാരിച്ച് തകേഷിയെ ഓട്ടോ റിക്ഷയില്‍ കയറ്റി. തുടര്‍ന്ന് ഷെരീഫും കൂട്ടാളിയായ ഖയൂമും ചേര്‍ന്ന് തകേഷിയെ ജോത്വാരയിലെ സുഹൃത്ത് അസ്‌ഗറിന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി. തങ്ങൾ പാർട്ടി നടത്തുന്നുണ്ടെന്നും ഒരുമിച്ച് ആസ്വദിക്കാമെന്നും പറഞ്ഞാണ് തകേഷിയെ ഇവിടെയെത്തിച്ചത്. ഷരീഫിന്‍റെ ജാപ്പനീസ് ഭാഷയിലുള്ള പ്രാവീണ്യത്തില്‍ ആകൃഷ്‌ടനായ തകേഷി ഒക്കെയും സമ്മതിക്കുകയും ചെയ്‌തു.
അതേസമയം, താനൊരു ഉന്നത വ്യവസായിയാണെന്നും തങ്ങളോടൊപ്പം ചേർന്നാൽ ധാരാളം പണം ഉണ്ടാക്കാൻ സഹായിക്കാമെന്നും അസ്‌ഗർ തകേഷിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. അടുത്ത ദിവസം ഗംഗ നദി കാണാൻ പോകാനിരുന്ന തകേഷിയെ ഷെരീഫും ഖയൂമും ചേര്‍ന്ന് രാംഗഢ് സേതൻ ഗ്രാമത്തിലെത്തിച്ചു. തകേഷിയെ രണ്ട് ദിവസം ഇവിടെ താമസിപ്പിച്ചു.