ബെംഗളുരു: കവർച്ച ശ്രമത്തിനിടെ ജ്വല്ലറി ഉടമയെയും തൊഴിലാളിയെയും നാലംഗ സംഘം വെടിവച്ചു. കർണാടകയിലെ കൊടിഗെഹള്ളിയിലെ ദേവിനഗറിലെ ജ്വല്ലറിയിൽ ഇന്ന് രാവിലെയാണ് സംഭവം. ലക്ഷ്‌മി ബാങ്കേഴ്‌സ് ആൻഡ് ജ്വല്ലേഴ്‌സ് ഉടമകളായ അപൂരം, അന്തരം എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുവരും ചികിത്സയിലാണ്.
വെടിവച്ച ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു. ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിച്ചു വന്ന നാല് പേരാണ് വെടിവച്ചത്. മുഖം മൂടിയതിനാൽ പ്രതികളെ തിരിച്ചറിയാനായിട്ടില്ല. തോക്ക് ചൂണ്ടിക്കാണിച്ചാണ് പ്രതികൾ സ്വർണം കവരാൻ ശ്രമിച്ചത്. എന്നാൽ ഉടമ എതിർത്തതോടെ വെടിയുതിർക്കുകയായിരുന്നു.
ഒരാളുടെ വയറിനും മറ്റൊരാളുടെ കാലിനുമാണ് വെടിയേറ്റത്. ഇതോടെ നാലു പേരും രക്ഷപ്പെടുകയായിരുന്നു. വെടിയേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം ചെയ്‌തിട്ടുണ്ട്.