ബെംഗളൂരു:പീഡനക്കേസില്‍ പരാതി നൽകാനെത്തിയ 17കാരിയെ ബലാത്സംഗത്തിനിരയാക്കിയ പൊലീസ് കോൺസ്‌റ്റബിൾ അറസ്‌റ്റിൽ. ബൊമ്മനഹള്ളി പൊലീസ് സ്‌റ്റേഷനിലെ കോൺസ്‌റ്റബിൾ അരുണാണ് പിടിയിലായത്. ഡിസംബറിലാണ് കേസിനാസ്‌പദമായ സംഭവം.
പെൺകുട്ടിയെ സഹായിക്കാമെന്ന വ്യാജേനയാണ് പ്രതി അരുൺ ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആദ്യ കേസിലെ പ്രതിയെയും കോണ്‍സ്റ്റബിളിനെയും അറസ്റ്റ് ചെയ്‌ത് ജയിലില്‍ അടച്ചു. ബൊമ്മനഹള്ളി പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് പെൺകുട്ടി താമസിച്ചിരുന്നത്.
അയൽവാസിയായ വിവാഹിതനായ വിക്കി എന്ന യുവാവുമായി പെണ്‍കുട്ടി സൗഹൃദത്തിലായി. തുടര്‍ന്ന് വിവാഹം വാഗ്‌ദാനം ചെയ്‌ത ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി അമ്മയെ വിവരം അറിയിച്ചു. ഇതേ തുടര്‍ന്ന് അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്.
പരാതി നല്‍കാനെത്തിയതിന് പിന്നാലെ കോണ്‍സ്റ്റബിള്‍ പെണ്‍കുട്ടിയുമായി അടുത്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ നീതി ലഭിക്കുന്നതിനായി പ്രവർത്തിക്കുമെന്ന് അരുൺ ഉറപ്പ് നൽകി. മാത്രമല്ല ജോലി നൽകാമെന്ന് വാഗ്‌ദാനവും ചെയ്‌തു.
ജോലി വാഗ്‌ദാനം ചെയ്‌ത ഇയാള്‍ കഴിഞ്ഞ ഡിസംബറില്‍ പെണ്‍കുട്ടിയെ ബെംഗളൂരിലെ ഹോട്ടലിലെത്തിച്ചു. തുടര്‍ന്ന് മദ്യത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയും സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്‌തു. ബലാത്സംഗ വിവരം പുറത്ത് പറഞ്ഞാല്‍ സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.