ഛപ്ര :ബിഹാറിൽ ട്രിപ്പിൾ കൊലപാതകം. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അച്‌ഛനെയും രണ്ട് പെൺമക്കളെയുമാണ് അക്രമികൾ കുത്തിക്കൊന്നത്. താരകേശ്വർ സിങ്ങും അദ്ദേഹത്തിന്‍റെ പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടികളുടെ അമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്‌ച (ജൂലൈ 16) വൈകിട്ട് ധനാദിഹ് ഗ്രാമത്തിലാണ് സംഭവം.
കേസിൽ രണ്ട് പ്രതികളെ കസ്‌റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. റസൂൽപൂർ സ്വദേശികളായ റോഷൻ എന്ന സുധാൻഷു കുമാർ, അങ്കിത് കുമാർ എന്നിവരാണ് പിടിയിലായത്. മാത്രമല്ല ഇവരിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തു.
ചൊവ്വാഴ്‌ച രാത്രി അക്രമികൾ താരകേശ്വർ സിങ്ങിന്‍റെ വീട്ടിലെത്തി അദ്ദേഹത്തെയും അദ്ദേഹത്തിൻ്റെ പ്രായപൂർത്തിയാകാത്ത പെൺമക്കളെയും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യം നടന്ന് ഒരു മണിക്കൂറിനുള്ളിൽ സരൺ പൊലീസ് ഇവരെ പിടികൂടിയതായും പൊലീസ് പ്രസ്‌താവനയിൽ പറഞ്ഞു.