ഡല്‍ഹി:മുൻ പ്രധാനമന്ത്രി എന്നതിലുപരി രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ ആഗോള തലത്തിലെത്തിച്ച പ്രമുഖ സാമ്പത്തിക വിദഗ്‌ധനാണ് മൻമോഹൻ സിങ്. മുഴുവൻ സമയ രാഷ്‌ട്രീയ പ്രവർത്തകൻ എന്നതിനേക്കാൾ സാമ്പത്തിക വിദഗ്‌ധനായാണ് മൻമോഹനെ വിലയിരുത്തേണ്ടത്. ഇന്ത്യയുടെ വിദേശനാണ്യ ശേഖരം വളരെ ശോഷിച്ചിരുന്ന സമയത്താണ് റിസർവ് ബാങ്ക് ഗവർണറായിരുന്ന ഡോ. മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രി നരസിംഹറാവു 1991-ൽ ധനകാര്യമന്ത്രിയാകുന്നത്. ആഗോള എണ്ണവില കുതിച്ചുയരുകയും അന്താരാഷ്‌ട്ര നാണയനിധിയിൽ (ഐഎംഎഫ്) നിന്ന് വായ്‌പയ്‌ക്കായി കരുതൽ സ്വർണം പോലും പണയം വെക്കാൻ നിർബന്ധിതരാകുകയും ചെയ്‌തപ്പോൾ, അന്നത്തെ ധനകാര്യമന്ത്രി എല്ലാവരെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു.
കമ്പനികളോട് ലൈസൻസില്ലാതെതന്നെ ഉത്പാദനം നടത്താനാവശ്യപ്പെടുകയായിരുന്നു. കയറ്റുമതി സബ്‌സിഡി നിർത്തി, രൂപയുടെ മൂല്യം താഴ്ത്തിയാണ് തീരുമാനമെടുത്തത്. ഇത് പരസ്‌പരം മത്സരിക്കുന്ന തരത്തിലേക്ക് വ്യവസായമേഖലയെ ഉണർത്തുകയായിരുന്നു. ലോകം മുഴുവനും ഈ നയം ഉച്ചത്തിലും വ്യക്തമായും കേൾക്കട്ടെ. ഇന്ത്യ ഇപ്പോൾ ഉണർന്നിരിക്കുന്നു. നമ്മൾ ജയിക്കും, മറികടക്കും' തൻ്റെ കന്നി ബജറ്റ് പ്രസംഗത്തിൽ മൻമോഹൻ സിങ് പറഞ്ഞ വാക്കുകളാണിവ. അത് വെറുതേയായില്ല. വിമർശനങ്ങളെ തള്ളി ഇന്ത്യ ലോക നിലവാര സൂചികയിലേക്കുയര്‍ന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കോൺഗ്രസിൻ്റെ നേതൃത്വത്തിൽ യുപിഎ 2004-ൽ അധികാരത്തിലെത്തിയപ്പോൾ സോണിയാ ഗാന്ധിയുടെ വിദേശപൗരത്വം ബിജെപി ഉയർത്തിയതും ഓപ്പറേഷൻ ബ്ലൂസ്റ്റാറിലൂടെ അകന്ന സിഖുകാരുടെ വിശ്വാസം വീണ്ടെടുക്കാനുള്ള കോൺഗ്രസിൻ്റെ തീരുമാനവും മൻമോഹൻസിങ്ങിനെ പ്രധാനമന്ത്രി പദത്തിലെത്തിച്ചു. തുടർച്ചയായി 10 വർഷം. അഴിമതി ആരോപണങ്ങളടക്കം മന്ത്രിസഭയ്ക്കെതിരേ ഉയർന്നെങ്കിലും ആരും മൻമോഹനെ അതിന് കുറ്റപ്പെടുത്തിയില്ല.
ഇക്കാലയളവിലും മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതി, ഭക്ഷ്യസുരക്ഷാ പദ്ധതി, വിവരാവകാശനിയമം തുടങ്ങി ഒട്ടേറെ ക്ഷേമപരിപാടികൾ മൻമോഹൻ സിങ് മന്ത്രിസഭ ആവിഷ്കരിച്ചു. രാജ്യസഭാംഗമായിരിക്കെ ധനമന്ത്രിയായും പ്രധാനമന്ത്രിയായും രാഷ്‌ട്രനിർമാണത്തിന് ഡോ. മൻമോഹൻ സിങ് നൽകിയ സംഭാവനകൾ അദ്ദേഹത്തിൻ്റെ സാമ്പത്തിക വിവേകത്തിനും വൈദഗ്ധ്യത്തിനും അപ്പുറമാണ്.