ചണ്ഡീഗഡ് : ചണ്ഡീഗഡ് ശ്രീ ഫത്തേഗഡ് സാഹിബിൽ ചരക്ക് ട്രയിനുകളും പാസഞ്ചര്‍ ട്രെയിനും കൂട്ടിയിടിച്ച് അപകടം. ഇന്ന്(02-06-2024) പുലർച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്. ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച ശേഷം ഒരു ട്രെയിനിന്‍റെ എൻജിൻ മറിഞ്ഞ് തൊട്ടടുത്ത ട്രാക്കിലൂടെ കടന്നുപോകുന്ന പാസഞ്ചർ ട്രെയിനില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ചരക്ക് തീവണ്ടിയിലെ രണ്ട് ലോക്കോ പൈലറ്റുമാർക്ക് പരിക്കേറ്റു. ഇവരെ പട്യാലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയിനുകള്‍ക്ക് വേഗത കുറവായതിനാലാണ് വൻ അപകടം ഒഴിവായത്.
സംഭവമിങ്ങനെ : കൽക്കരി കയറ്റിയ ട്രെയിൻ ന്യൂ സിര്‍ഹിന്ദ് സ്റ്റേഷനിലെ നിര്‍ദ്ദിഷ്‌ട ട്രാക്കില്‍ നിര്‍ത്തിയിട്ടിരിക്കേ, കൽക്കരി കയറ്റിയ മറ്റൊരു ട്രെയിൻ ഇതേ ട്രാക്കിലൂടെ വന്ന് പിന്നിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഗുഡ്‌സ് ട്രെയിനിന്‍റെ എൻജിൻ മറിഞ്ഞു. ഈ സമയം കൊൽക്കത്തയിൽ നിന്ന് ജമ്മുവിലേക്ക് പോകുന്ന പ്രത്യേക സമ്മർ ട്രെയിൻ, അംബാലയിൽ നിന്ന് ലുധിയാനയിലേക്ക് പോവുകയായിരുന്നു. ഇതിനിടെയാണ് ചരക്ക് തീവണ്ടിയുടെ എഞ്ചിന്‍ പാസഞ്ചര്‍ ട്രയിനിന് മുകളിലേക്ക് വീണത്. ട്രെയിൻ ന്യൂ സിർഹിന്ദ് സ്റ്റേഷന് സമീപം എത്തിയതിനാല്‍ വേഗത കുറവായിരുന്നു.