ഇന്ത്യയിൽ വർഷം തോറും ഡിസംബർ 23 ന് ദേശീയ കർഷക ദിനമായി ആചരിക്കുന്നു. കിസാൻ ദിവസ് എന്നും ഈ ദിവസം അറിയപ്പെടുന്നു. കർഷകരുടെ ആവശ്യങ്ങൾക്കായി പോരാടുകയും അവരുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനായി നിരവധി നയങ്ങൾ അവതരിപ്പിക്കുകയും ചെയ്‌ത ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന്‍റെ ജന്മദിനമായ ഇന്നാണ് രാജ്യം കര്‍ഷക ദിനം ആചരിക്കുന്നത്.
രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയിലും ഭക്ഷ്യസുരക്ഷയിലും കർഷകർ വഹിക്കുന്ന സുപ്രധാന പങ്ക് തിരിച്ചറിയുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. ഈ ദിവസം കർഷകരുടെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും സംഭാവനകളെയും രാജ്യം അംഗീകരിക്കുകയും അവരുടെ ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ 60 ശതമാനത്തിലധികം പേരും കൃഷി ചെയ്‌താണ് ജിവിക്കുന്നത്.
Representative Image (Getty) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ചരിത്രവും പ്രാധാന്യവും
1979 മുതൽ 1980 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ചൗധരി ചരൺ സിങ്ങിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ഡിസംബർ 23 ന് ദേശീയ കർഷക ദിനം ആചരിക്കുന്നു. അദ്ദേഹത്തിന്‍റെ ഭരണകാലത്ത് കർഷകരുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള വിവിധ ക്ഷേമ പദ്ധതികൾ അദ്ദേഹം അവതരിപ്പിച്ചു. അദ്ദേഹത്തിന്‍റെ മഹത്തായ സംഭാവനകളെ മാനിച്ച് 2001-ൽ ഇന്ത്യാ ഗവൺമെന്‍റ് ഡിസംബർ 23 ദേശീയ കർഷക ദിനമായി പ്രഖ്യാപിച്ചു.
ഭൂപരിഷ്‌കരണത്തിന്‍റെ തുടക്കക്കാരൻ എന്ന നിലയിലാണ് ചൗധരി ചരൺ സിങ്ങ് അറിയപ്പെടുന്നത്. കർഷകരുടെ ജീവിതം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിയമങ്ങള്‍ സിങ്ങ് അവതരിപ്പിച്ചു. 1939-ലെ കടം വീണ്ടെടുക്കൽ ബിൽ, 1950-ലെ ജമീന്ദാരി നിർത്തലാക്കൽ നിയമം, 1960-ലെ ഭൂമി കൈവശം വയ്ക്കൽ നിയമം എന്നിവ ഇതിൽ ശ്രദ്ധേയമാണ്. ഈ പരിഷ്‌കാരങ്ങൾ കർഷകരുടെ കടബാധ്യത, ഭൂമി പുനർവിതരണം തുടങ്ങിയ നിർണായക പ്രശ്‌നങ്ങള്‍ പരിഹരിച്ചു, പതിനായിരക്കണക്കിന് കർഷകർക്ക് ആശ്വാസമേകി.
ചൗധരി ചരണ്‍സിങിന്‍റെ ഭരണകാലം: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് സംസ്ഥാനത്ത് കര്‍ഷക സൗഹൃദ ഭൂപരിഷ്കരണ നിയമങ്ങള്‍ നടപ്പാക്കി. 1939ലെ ഭൂഉപഭോഗബില്ലും കടം എഴുതിത്തള്ളല്‍ നിയമവുമായിരുന്നു അതില്‍ പ്രധാനമായവ. 1952ല്‍ കൃഷി മന്ത്രി ആയിരുക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ജന്മിത്വ സമ്പ്രദായം അവസാനിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
1978 ഡിസംബര്‍ 23ന് കിസാര്‍ ട്രസ്റ്റ് എന്നൊരു എന്‍ജിഒയ്ക്കും അദ്ദേഹം രൂപം കൊടുത്തു. ഗ്രാമീണ ജനതയ്ക്ക് വിദ്യാഭ്യാസം നല്‍കുകയും കര്‍ഷകര്‍ അനുഭവിക്കുന്ന അനീതികള്‍ക്കെതിരെ പ്രതികരിക്കുകയും കര്‍ഷകരെ ഒന്നിപ്പിക്കുകയുമായിരുന്നു രാഷ്ട്രീയ രഹിതമായ ഈ സംഘടനയുടെ ലക്ഷ്യം.
രാഷ്ട്ര നിർമാണത്തിൽ കർഷകരുടെ പങ്ക്
രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം പേർ ജോലി ചെയ്യുന്ന ഇന്ത്യയുടെ കാർഷിക മേഖല രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ മൂലക്കല്ലായി തുടരുകയും രാഷ്ട്ര നിർമാണത്തില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നു. ഇത് 2023-24 സാമ്പത്തിക വർഷത്തിലെ നിലവിലെ മൊത്ത മൂല്യവർദ്ധിത മൂല്യത്തിലേക്ക് (GVA) 17.7% സംഭാവന ചെയ്യുന്നു. 2021-22 ലെ ഭൂവിനിയോഗ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്തെ 328.7 ദശലക്ഷം ഹെക്ടറിൽ ഏകദേശം 54.8% കൃഷിയാണ്.
കര്‍ഷകര്‍ ഗ്രാമീണ വികസനത്തിന്‍റെയും രാഷ്ട്രനിർമാണത്തിന്‍റെ ശില്പികളായാണ് അറിയപ്പെടുന്നത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗം നിലനിർത്തുകയും ചെയ്യുന്നു. കഠിനാധ്വാനത്തിലൂടെ സമൃദ്ധമായ ഒരു ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ കര്‍ഷകര്‍ നിർണായക പങ്ക് വഹിക്കുന്നു.
കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍, വര്‍ധിക്കുന്ന ആത്മഹത്യാ നിരക്ക്
രാജ്യത്ത് കാര്‍ഷികരംഗം നേരിടുന്ന വെല്ലുവിളികള്‍ വര്‍ദ്ധിച്ച് വരികയാണ്. കാലം തെറ്റിയെത്തുന്ന മഴയും വേനലും പോലുള്ള പ്രവചിക്കാനാകാത്ത കാലാവസ്ഥ വിളനാശത്തിന് കാരണമാകുന്നു. ഇത് കര്‍ഷകരെ കടക്കെണിയിലേക്ക് തള്ളി വിടുന്നു. രാജ്യത്ത് ഓരോ മണിക്കൂറിലും കടബാധ്യത മൂലം ഒരു കര്‍ഷകനോ കര്‍ഷകത്തൊഴിലാളിയോ ആത്മഹത്യ ചെയ്യുന്നു എന്നാണ് 2022ലെ ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യയിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന കണക്കുകളാണിത്. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട ആത്മഹത്യകള്‍ 2023ന് ശേഷവും തുടരുകയാണ്. ഡിസംബര്‍ നാലിന് പുറത്ത് വന്ന കണക്കുകള്‍ പ്രകാരം 2022ല്‍ രാജ്യത്ത് 11,290 കര്‍ഷക ആത്മഹത്യകളാണ് നടന്നത്. 2022ൽ ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ നടന്ന സംസ്ഥാനങ്ങൾ, മഹാരാഷ്ട്ര (4,248), കർണാടക (2,392), ആന്ധ്രാപ്രദേശ് (917), തമിഴ്നാട് (728), മധ്യപ്രദേശ് (641) എന്നിവയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ഒരുലക്ഷത്തി പന്ത്രണ്ടായിരം കര്‍ഷകരാണ് ഇന്ത്യയില്‍ ആത്മഹത്യ ചെയ്‌തത്.
Read Also:'കര്‍ഷകര്‍ ദുരിതം പേറുകയാണ്';പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി പവന്‍ കല്യാണിനെ കാണാന്‍ കര്‍ഷകന്‍, കാളവണ്ടിയില്‍ താണ്ടിയത് 760 കിമീ