ന്യൂഡൽഹി : ഇന്ത്യയെ ഒരു സ്വേച്‌ഛാധിപത്യ രാജ്യമാക്കി മാറ്റാനുള്ള രഹസ്യ അജണ്ടയാണ് 'ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന് തൃണമൂൽ കോൺഗ്രസ്. മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതിക്ക് മുന്നിലാണ് തൃണമൂൽ ഇക്കാര്യം വ്യക്തമാക്കിയത്. ഡൽഹി ജോധ്പൂർ ഹൗസിലാണ് സമിതിയുമായുള്ള കൂടിക്കാഴ്‌ച നടന്നത്.
മമത ബാനർജിയാണ് കൂടിക്കാഴ്‌ചയ്ക്ക് എത്തേണ്ടിയിരുന്നത്. എന്നാൽ ബജറ്റുമായി ബന്ധപ്പെട്ട തിരക്കുകൾ ഉള്ളതിനാൽ മമത വിട്ടുനിന്നു. എംപിമാരായ സുദീപ് ബന്ദോപാധ്യയും കല്യാണ്‍ ബാനർജിയുമാണ് തൃണമൂലിനുവേണ്ടി സമിതിയെ കണ്ടത്. മമത നേരത്തെ സമിതിക്ക് എഴുതിയ കത്തിനെ മുൻനിർത്തിയാണ് പ്രതിനിധികൾ തങ്ങളുടെ വാദഗതികൾ മുന്നോട്ടുവച്ചത്.
"മമത ബാനർജി നേരത്തെ എഴുതിയ കത്ത് ഞങ്ങൾ പരാമർശിച്ചു. 'ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയത്തെ എതിർക്കുന്നെന്ന് ഞങ്ങൾ സുവ്യക്തമായി പറഞ്ഞു. അതില്‍ ഭാവിയിൽ ഒരു സ്വേച്‌ഛാധിപത്യ സർക്കാർ രൂപീകരിക്കാനുള്ള മറഞ്ഞിരിക്കുന്ന അജണ്ടയുണ്ട്” - കൂടിക്കാഴ്‌ചയ്ക്കുശേഷം കല്യാണ്‍ ബാനർജി പറഞ്ഞു.
Also Read:തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് ഭരണഘടന വിരുദ്ധം; കടുത്ത എതിർപ്പുമായി സിപിഎം
നേരത്തെ രണ്ട് ദേശീയ പാർട്ടികളാണ് ഇന്ത്യയിൽ ഉടനീളം പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ഒരുപാട് പ്രാദേശിക പാർട്ടികൾ വന്നിരിക്കുന്നു. സംസ്ഥാന നിയമസഭയെ സംബന്ധിച്ച്, അഞ്ച് വർഷത്തേക്ക് അവരുടെ സർക്കാരിനെ തെരഞ്ഞെടുക്കുന്നത് ജനങ്ങളുടെ ഹിതമനുസരിച്ചാണെന്ന് ഭരണഘടന തന്നെ പറയുന്നു. അതുപോലെ അഞ്ച് വർഷത്തേക്ക് ജനങ്ങൾ കേന്ദ്രസർക്കാരിനെയും തെരഞ്ഞെടുക്കും. ഈ രണ്ട് അനുച്ഛേദങ്ങളും ഭരണഘടനയുടെ അടിസ്ഥാന ഘടനയാണ്. ഈ ഭരണഘടനാ വ്യവസ്ഥകളിൽ ഇടപെടാനാകില്ലെന്നും ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം കൊണ്ടുവരുന്നതിലൂടെ ജനങ്ങളുടെ അധികാരം വെട്ടിച്ചുരുക്കാനാകില്ലെന്നും മമത ബാനർജി പറഞ്ഞു.
“ഒരു സംസ്ഥാനത്ത് സർക്കാർ വീണു എന്ന് കരുതുക. അങ്ങനെയെങ്കിൽ ആ സർക്കാർ തുടരുമോ അതോ ബാക്കി കാലയളവിലേക്ക് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമോ? അങ്ങനെയെങ്കിൽ ജനങ്ങളുടെ തെരഞ്ഞെടുപ്പ് വിട്ടുവീഴ്‌ച ചെയ്യപ്പെടും. ഈ ആശയം യഥാർഥത്തിൽ രാജ്യത്തിൻ്റെ ഫെഡറൽ ഘടനയിൽ തന്നെ കടന്നുകയറുകയാണ്. രാജ്യത്തിൻ്റെ ഫെഡറൽ ഘടനയിൽ കേന്ദ്രസർക്കാർ ഇടപെടുകയാണെന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രതിപക്ഷ പാർട്ടികൾ പറഞ്ഞുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഞങ്ങൾ ഈ ആശയത്തെ എതിർക്കുന്നു” -കല്യാണ്‍ ബാനർജി പറഞ്ഞു.
തൃണമൂലിനെ കൂടാതെ സിപിഎം പ്രതിനിധി സംഘവും ഇന്ന് ഉന്നതതല സമിതിക്ക് മുന്നിൽ ഹാജരായി. നേരത്തെ ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം), നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എന്നിവയുടെ നേതാക്കളുമായും സമിതി പ്രത്യേകം കൂടിക്കാഴ്‌ച നടത്തിയിരുന്നു.
Also Read:ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' മുദ്രാവാക്യം കേന്ദ്രത്തിന് സർവ്വാധികാരം നൽകാനുള്ള അജണ്ടയെന്ന് പിണറായി
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് :ലോക്‌സഭയിലേക്കും രാജ്യത്തെ മുഴുവന്‍ സംസ്ഥാന നിയമസഭകളിലേക്കുമുള്ള തെരഞ്ഞടുപ്പ് ഒന്നിച്ച് നടത്താനുള്ള പദ്ധതിയാണ് 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'. ഇത്തരത്തില്‍ നടത്തുന്ന തെരഞ്ഞെടുപ്പ് ഒരു ദിവസം കൊണ്ടോ അല്ലെങ്കില്‍ ഒരു നിശ്ചിത സമയ പരിധിക്കുള്ളിലോ നടത്തുകയെന്നതാണ് ലക്ഷ്യം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം സമ്മര്‍ദം ചെലുത്തുന്നുണ്ട്. വിവിധയിടങ്ങളിലായി പല സമയങ്ങളിലായുണ്ടാകുന്ന തെരഞ്ഞെടുപ്പുകള്‍ വളരെയധികം സാമ്പത്തിക ചെലവുകള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം ചെലവുകള്‍ ഇല്ലാതാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.