കേരളം

kerala

ETV Bharat / bharat

പ്രധാനമന്ത്രിയുടെ ധ്യാനം; കന്യാകുമാരിയില്‍ കനത്ത സുരക്ഷ; കാവലിന് രണ്ടായിരം പൊലീസുദ്യോഗസ്ഥര്‍ - 2k police personnel to guard PM - 2K POLICE PERSONNEL TO GUARD PM

പ്രധാനമന്ത്രിയുടെ കന്യാകുമാരിയിലെ ധ്യാനം സുരക്ഷിതമാക്കാന്‍ അണിനിരക്കുക വിവിധ സേനകളില്‍ നിന്നുള്ള രണ്ടായിരം പൊലീസുകാര്‍. ഉന്നത പൊലീസുദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി.

PM ROCK MEMORIAL MEDITATION  VIVEKANANDA ROCK MEMORIAL  പ്രധാനമന്ത്രിയുടെ ധ്യാനം  SWAMI VIVEKANANDA
കന്യാകുമാരി വിവേകാനന്ദപ്പാറ (ETV Bharat)

By ETV Bharat Kerala Team

Published : May 29, 2024, 5:10 PM IST

കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവേകാനന്ദപ്പാറയിലെ 45 മണിക്കൂര്‍ ധ്യാനത്തിന് വേണ്ട ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. കനത്ത സുരക്ഷ സന്നാഹങ്ങള്‍ അടക്കമുള്ളവയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. സ്വാമി വിവേകാനന്ദന് ആദരമര്‍പ്പിക്കാനായി നിര്‍മ്മിച്ചിട്ടുള്ള സ്‌മാരകത്തിലാണ് പ്രധാനമന്ത്രി ധ്യാനമിരിക്കുക. വിവിധ സുരക്ഷാ ഏജന്‍സികളില്‍ നിന്നുള്ള രണ്ടായിരം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

2019 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം കേദാര്‍നാഥ് ഗുഹയിലായിരുന്നു മോദിയുടെ ധ്യാനം. അതിന് ശേഷം അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇപ്പോൾ കന്യാകുമാരിയില്‍ ധ്യാനം നടത്തുന്നത്. ഇക്കുറി വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷമാണ് ധ്യാനമെന്ന പ്രത്യേകതയുണ്ട്. മെയ് 30ന് വൈകുന്നേരമാണ് മോദി വിവേകാനന്ദപ്പാറയില്‍ ധ്യാനത്തിനെത്തുക. ജൂണ്‍ ഒന്നിന് ധ്യാന മണ്ഡപത്തിലെത്തി ധ്യാനം ആരംഭിക്കും.

വിവേകാനന്ദന്‍റെ കാഴ്‌ചപ്പാടുകള്‍ രാജ്യത്തിന് പ്രയോജനപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഇക്കുറി ഇവിടം ധ്യാനത്തിനായി തെരഞ്ഞെടുത്തതെന്നും ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇവിടെ വച്ചാണ് സ്വാമി വിവേകാനന്ദന് 'ഭാരത് മാത' എന്ന ദൈവിക കാഴ്‌ചപ്പാട് ഉണ്ടായതെന്നാണ് വിശ്വസിക്കപ്പെടുന്നതെന്നും ബിജെപി അവകാശപ്പെടുന്നു.

ഇന്ത്യന്‍ മഹാസമുദ്രവും ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലും സംഗമിക്കുന്നതിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന കന്യാകുമാരി ദേവിയുടെ ക്ഷേത്രവും തിരുവള്ളുവര്‍ പ്രതിമയും ഈ സ്ഥലത്തിന്‍റെ മാറ്റ് കൂട്ടുന്നു. കന്യാകുമാരി ദേവി തപസ് ചെയ്‌ത പാറയാണ് വിവേകാനന്ദപ്പാറ എന്നും പറയപ്പെടുന്നു. പാര്‍വതി ദേവി പരമശിവന് വേണ്ടി തപസിരുന്ന സ്ഥലമാണിതെന്ന ഐതിഹ്യവുമുണ്ട്.

മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തിരുനെല്‍വേലി റേഞ്ച് ഡിഐജി പ്രവേഷ് കുമാറും പൊലീസ് സൂപ്രണ്ട് ഇ സുന്ദരവദനവും വിവേകാനന്ദപ്പാറയിലെയും ബോട്ട് ജെട്ടിയിലെയും സംസ്ഥാന അതിഥി മന്ദിരത്തിലെയും സുരക്ഷ ഒരുക്കങ്ങള്‍ വിലയിരുത്തി. പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷ സംഘവും സ്ഥലത്തെത്തി. ഹെലികോപ്‌ടര്‍ ഇറക്കുന്നതിന്‍റെ ട്രയല്‍ അടക്കമുള്ളവയും നടത്തി.

മെയ് മുപ്പതിന് ഉച്ചയ്ക്ക് ശേഷമാകും മോദി ഇവിടെ തന്‍റെ ധ്യാനത്തിനായി എത്തുക. പിറ്റേദിവസമാണ് ധ്യാനം ആരംഭിക്കുന്നത്. ജൂണ്‍ ഒന്നിന് വൈകിട്ട് മൂന്ന് വരെ അദ്ദേഹം വിവേകാനന്ദപ്പാറയില്‍ ചെലവിടും. രാജ്യത്തെ അവസാനഘട്ട വോട്ടിങ്ങ് നടക്കുന്ന ദിവസമാണിതെന്ന പ്രത്യേകതയുമുണ്ട്. നാല്‍പ്പത്തഞ്ച് മണിക്കൂറോളം മോദി ഇവിടെ ചെലവിടുന്നതിനാല്‍ ഇന്ത്യന്‍ തീരസംരക്ഷണ സേനയും നാവികസേനയും പ്രദേശത്ത് കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്.

മോദി ധ്യാനത്തിനായി തെരഞ്ഞെടുത്തിട്ടുള്ള വിവേകാനന്ദപ്പാറ സ്വാമി വിവേകാനന്ദന്‍റെ ജീവിത്തില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. സാരനാഥില്‍ ഗൗതമ ബുദ്ധന് സംഭവിച്ച അതേ മാറ്റങ്ങളാണ് ഈ പാറയില്‍ വച്ച് സ്വാമി വിവേകാനന്ദനും ഉണ്ടായതെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു.

രാജ്യമെമ്പാടും അലഞ്ഞ് നടന്ന ശേഷമാണ് വിവേകാനന്ദന്‍ ഇവിടെ എത്തിച്ചേര്‍ന്നത്. പിന്നീട് മൂന്ന് ദിവസം അദ്ദേഹം ഇവിടെ ധ്യാനനിമഗ്നനായി ഇരുന്നു. അതില്‍ നിന്നാണ് വികസിത ഇന്ത്യ എന്ന കാഴ്‌ചപ്പാട് അദ്ദേഹത്തന് കിട്ടിയതെന്നും പാർട്ടി ചൂണ്ടിക്കാട്ടുന്നു. ഇതേ സ്ഥലത്ത് പ്രധാനമന്ത്രി ധ്യാനം ചെയ്യുന്നതിലൂടെ സ്വാമിയുടെ കാഴ്‌ചപ്പാടായ വികസിത ഭാരതം ജീവിതത്തിലേക്ക് പകര്‍ത്താന്‍ ശ്രമിക്കുകയാണ് മോദിയെന്നും ബിജെപി അവകാശപ്പെടുന്നു.

ദേശീയ ഐക്യത്തിന്‍റെ സന്ദേശമാണ് മോദി കന്യാകുമാരിയിലെത്തുന്നത് വഴി നല്‍കുന്നതെന്നും ഒരു ബിജെപി നേതാവ് അവകാശപ്പെട്ടു. തമിഴ്‌നാടിനോടുള്ള അദ്ദേഹത്തിന്‍റെ അര്‍പ്പണബോധവും വാത്സല്യവുമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇക്കൊല്ലം നിരവധി തവണ മോദി തമിഴ്‌നാട്ടില്‍ വന്നു പോയി. രാമായണവുമായി ബന്ധപ്പെട്ട ധനുഷ്‌കോടിയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.

Also Read:പ്രധാനമന്ത്രിക്ക് വധ ഭീഷണി; എന്‍ഐഎ ഓഫിസിലേക്ക് ഫോണ്‍ കോള്‍ സന്ദേശം

ABOUT THE AUTHOR

...view details