മംഗളൂരു (കർണാടക):അടിച്ചുപൊളിക്കാൻ വിനോദയാത്രയ്‌ക്കെത്തിയ മൂന്ന് പെണ്‍കുട്ടികള്‍ റിസോർട്ടിലെ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു. ഇന്ന് (നവംബർ 17) രാവിലെയാണ് സംഭവം. ഉല്ലാല നഗരത്തിലെ ബട്ടപ്പാടി റോഡിലെ പെരിബൈലിലുള്ള വാസ്‌കോ റിസോർട്ടിലാണ് അപകടം നടന്നത്. മൈസൂർ സ്വദേശികളായ നിഷിത എംഡി (21), പാർവതി എസ് (20), കീർത്തന എൻ (21) എന്നിവരാണ് മരിച്ചത്.
വാരാന്ത്യത്തിൽ മംഗളൂരുവിലേക്ക് വിനോദയാത്ര വന്നതായിരുന്നു ഇവർ. ശനിയാഴ്‌ച (നവംബർ 16) മൈസൂരിൽ നിന്ന് ഉള്ളാലിൽ എത്തിയ പെണ്‍കുട്ടികള്‍ വാസ്‌കോ റിസോർട്ടിൽ താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് ഇവർ കുളിക്കാനായി റിസോര്‍ട്ടിലെ നീന്തൽക്കുളത്തിലേക്ക് പോയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വീഡിയോ പകർത്താനായി മൊബൈൽ ഫോണുകൾ റെക്കോർഡിങ് മോഡിൽ വച്ചിരുന്നു. പൊടുന്നനെ, കൂട്ടത്തിൽ ഒരാൾ മുങ്ങാൻ തുടങ്ങുകയായിരുന്നു, സഹായത്തിനായി നിലവിളിച്ചപ്പോൾ, മറ്റു രണ്ടുപേരും അവളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മൂന്നുപേരും മുങ്ങുകയായിരുന്നു.
മൂന്ന് പേരും അപകടത്തില്‍ പെടുന്നതിന്‍റെ വീഡിയോയും റിസോർട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും റിസോർട്ട് നടത്തുന്നത് പ്രദേശവാസിയായ മനോഹറാണെന്നും പൊലീസ് വ്യക്തമാക്കി. വിവരമറിഞ്ഞ് ഉല്ലല പൊലീസ് ഇൻസ്പെക്‌ടർ എച്ച്എൻ ബാലകൃഷ്‌ണയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
"സംഭവം അന്വേഷിക്കുന്നുണ്ട്, എന്നാൽ ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും റിസോർട്ടിലെ ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്‌തു," എന്ന് ഉല്ലല പൊലീസ് സ്‌റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
Also Read : കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ 10 വയസുകാരൻ ഉള്‍പ്പടെ രണ്ട് പേര്‍ മുങ്ങി മരിച്ചു