തിരുവനന്തപുരം: മൂന്ന് കപ്പലുകള്‍ കൂടി ചൈനയില്‍ നിന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് വരുന്നു. അടുത്തമാസം ഇവ വിഴിഞ്ഞത്ത് എത്തും(Three more vessels).
പുതുതായി എത്തുന്ന കപ്പലുകളില്‍ പതിനേഴ് ക്രെയിനുകള്‍ കൂടി വിഴിഞ്ഞത്ത് എത്തും. 7,700 കോടി രൂപ ചെലവിട്ടാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം നിര്‍മ്മിച്ചത്(Vizhinjam port).
ഏപ്രില്‍ നാല്, 17, 23 തീയതികളിലാണ് പുതിയ കപ്പലുകള്‍ വിഴിഞ്ഞത്ത് എത്തുക. ആറ് കാന്‍റിലിവര്‍ റെയില്‍മൗണ്ടട് ഗാന്‍ററി(കപ്പലുകളെ നിയന്ത്രിക്കാനുള്ള സിഗ്നല്‍ സംവിധാനം ഒരുക്കാനുളള) ക്രെയിനുകളാകും ആദ്യ കപ്പലില്‍ ഉണ്ടാകുക. രണ്ടാം കപ്പലില്‍ നിന്ന് തീരത്തേക്ക് ചരക്കുകളെത്തിക്കാനുള്ള രണ്ട് ക്രെയിനുകളാകും ഉണ്ടാകുക. മൂന്നാം കപ്പലില്‍ തീരത്തേക്ക് ചരക്കുകളെത്തിക്കാനുള്ള രണ്ട് ക്രെയിനുകളും മൂന്ന് കാന്‍റിലിവര്‍ റെയില്‍ മൗണ്ടട് ഗാന്‍ററി ക്രെയിനുകളുമാകും ഉണ്ടാകുക( 17 More Cranes).
ഇതുവരെ വിഴിഞ്ഞത്തേക്ക് പതിനഞ്ച് ക്രെയിനുകളാണ് ചൈനയില്‍ നിന്ന് എത്തിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ 24 യാർഡ് ക്രെയിനുകൾ 8 എസ് ടി എസ് ക്രെയിനുകൾ ഉൾപ്പെടെ അകെ 32 ക്രെയിനുകളാണ് വേണ്ടത്. വിഴിഞ്ഞം തുറമുഖത്തിന്‍റെ ആദ്യഘട്ട വികസനം മേയിൽ പൂർത്തിയാക്കണമെന്ന നിലയ്ക്കാണ് നിർമാണം നിലവിൽ പുരോഗമിക്കുന്നത്.
ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 15നായിരുന്നു വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ കപ്പല്‍ എത്തിയത്. മൂന്ന് ക്രെയിനുകളുമായിട്ടാണ് ചൈനയില്‍ നിന്നുമുള്ള ഷെൻ ഹുവ 15 വിഴിഞ്ഞം തീരത്തേക്ക് എത്തിയത്. ഗുജറാത്തിലെ മുദ്ര തുറമുഖത്ത് എത്തിയ ശേഷമായിരുന്നു ഷെന്‍ഹുവ വിഴിഞ്ഞത്തേക്ക് വന്നത്.
നവംബര്‍ 16നായിരുന്നു രണ്ടാമത്തെ കപ്പല്‍ വിഴിഞ്ഞത്ത് എത്തിയത്. മൂന്ന് വലിയ ക്രെയിനുകളും ആറ് ചെറിയ ക്രെയിനുകളുമാണ് രണ്ടാം കപ്പലില്‍ ഉണ്ടായിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് നാല് ദിവസത്തോളം പുറങ്കടലില്‍ നങ്കൂരമിട്ട് ശേഷമായിരുന്നു കപ്പല്‍ തീരത്തേക്ക് എത്തിയത്. പത്ത് ദിവസങ്ങള്‍ക്ക് ശേഷം നവംബര്‍ 27നാണ് തുറമുഖത്തേക്ക് മൂന്നാം കപ്പല്‍ എത്തിയത്. ചൈനയില്‍ നിന്നുമെത്തിയ ഷെന്‍ഹുവ 24 കപ്പലില്‍ ആറ് യാര്‍ഡ് ക്രെയിനുകളാണ് ഉണ്ടായിരുന്നത്. ഡിസംബര്‍ 29ന് നാലാം കപ്പലും എത്തി.
കഴിഞ്ഞ ഒക്‌ടോബറിലാണ് ആദ്യ കപ്പല്‍ ആഴക്കടല്‍ തുറമുഖത്ത് എത്തിയത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോട് കൂടിയാണ് വിഴിഞ്ഞം തുറമുഖം നിര്‍മ്മിച്ചത്. അദാനി ഗ്രൂപ്പാണ് സംരംഭത്തിലെ സ്വകാര്യ പങ്കാളി. കമ്മീഷന്‍ ചെയ്ത് കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ തുറമുഖമായി മാറാനുള്ള തയാറെടുപ്പിലാണ് വിഴിഞ്ഞം. 2019ല്‍ കമ്മീഷന്‍ ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം മൂലമാണ് കമ്മീഷനിംഗ് വൈകിയത്.
മത്സ്യത്തൊഴിലാളികളും തുറമുഖത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി രംഗത്ത് എത്തിയതും പദ്ധതി വൈകിപ്പിച്ചു. തങ്ങളുടെ ജീവിതോപാധികളെ തുറമുഖത്തിന്‍റെ വരവ് ബാധിക്കുമെന്ന് ആരോപിച്ചായിരുന്നു മത്സ്യത്തൊഴിലാളി സമൂഹത്തിന്‍റെ പ്രക്ഷോഭം.
Also Read: തുറമുഖങ്ങളിലേക്കുള്ള റിക്രൂട്ട്മെന്‍റ് ഇനി വിഴിഞ്ഞത്ത് നിന്ന്; അദാനി സ്‌കിൽ ഡെവലപ്പ്മെന്‍റ് സെന്‍റര്‍ പ്രവര്‍ത്തനം തുടങ്ങി