ന്യൂഡല്‍ഹി:അംബേദ്ക്കറെ കുറിച്ചുള്ള കേന്ദ്ര മന്ത്രി അമിത്ഷായുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ബിജെപിയെയും അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
അവര്‍ അംബേദ്ക്കറിനും അദ്ദേഹത്തിന്‍റെ പ്രത്യയശാസ്‌ത്രങ്ങള്‍ക്കുമെതിരാണ്. അംബേദ്ക്കര്‍ സൃഷ്‌ടിച്ച ഭരണഘടനയില്ലാതാക്കാന്‍ വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യം മുഴുവന്‍ അറിയാവുന്ന കാര്യമാണ് അതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
അംബേദ്ക്കറെ അപമാനിച്ചെന്ന ആരോപണവുമായി ശിവസേന(യുബിടി) നേതാവ് ഉദ്ധവ് താക്കറെയും രംഗത്ത് എത്തി. കഴിഞ്ഞ ദിവസം അമിത് ഷാ പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗം ധിക്കാരപരമായിരുന്നു. അംബേദ്ക്കറുടെ പേര് പറയുന്നത് ഇപ്പോഴൊരു ഫാഷനായി മാറിയിരിക്കുന്നുവെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. അത്രയും പ്രാവശ്യം ദൈവത്തിന്‍റെ പേര് പറഞ്ഞാല്‍ അവര്‍ സ്വര്‍ഗത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അംബേദ്ക്കര്‍ ആരാണെന്ന് ചോദിച്ച അമിത് ഷാ, അദ്ദേഹം ആരുടെയും പക്ഷത്ത് നിന്നില്ലെന്നും പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭരണഘടന നമുക്ക് സമ്മാനിച്ച ഒരാളെ അവര്‍ അംഗീകരിക്കുന്നില്ലെന്ന് തന്നെയാണ് ഈ വാക്കുകള്‍ വ്യക്തമാക്കുന്നത്. ബിജെപിയോ ആര്‍എസ്‌എസോ അമിത് ഷായ്‌ക്കെതിരെ നടപടി കൈക്കൊള്ളുമോയെന്നും അദ്ദേഹം ചോദിച്ചു. അല്ലെങ്കില്‍ അവരാണോ അമിത് ഷായോട് ഇങ്ങനെ പറയാന്‍ പറഞ്ഞതെന്നും താക്കറെ ചോദിച്ചു. മറ്റ് കക്ഷികള്‍ അമിത് ഷായ്ക്ക് പിന്തുണ നല്‍കുമോ. ചന്ദ്രബാബു നായിഡുവോ നിതീഷ് കുമാറോ അജിത് പവാറോ അദ്ദേഹത്തെ പിന്തുണയ്ക്കുമോയെന്നും താക്കറെ ചോദിച്ചു. രാം ദാസ് അത്തെവാലെ ഇനിയും മന്ത്രിസഭയില്‍ തുടരുമോ എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം നേരത്തെ അമിത് ഷായെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് എത്തിയിരുന്നു. അംബേദ്ക്കറെ അപമാനിച്ചിരുന്ന കോണ്‍ഗ്രസിന്‍റെ ഇരുണ്ട ഭൂതകാലം പുറത്ത് കൊണ്ടുവരികയായിരുന്നു അമിത് ഷാ തന്‍റെ പരാമര്‍ശത്തിലൂടെയെന്നാണ് മോദി പ്രതികരിച്ചത്. പട്ടികജാതി പട്ടിക വര്‍ഗ സമൂഹങ്ങളെ അവര്‍ അവഗണിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹം ചൂണ്ടിക്കാട്ടിയ വസ്‌തുതകള്‍ അവരെ അമ്പരിപ്പിച്ചെന്നും മോദി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് സത്യമറിയാം.അവരുടെ ഭരണകാലത്ത് പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരെ നടന്ന കൂട്ടക്കൊലകള്‍ മറയ്ക്കാന്‍ അവര്‍ കഴിയുന്നത്ര ശ്രമിക്കട്ടെയെന്നും മോദി കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങളോളം അവര്‍ അധികാരത്തിലിരുന്നു, എന്നാല്‍ പട്ടികജാതി പട്ടികവര്‍ഗക്കാരുടെ ഉന്നമനത്തിന് വേണ്ടി ഒന്നും ചെയ്‌തില്ല. ബാബാ സാഹേബിനെതിരെ കോണ്‍ഗ്രസ് ചെയ്‌ത പാപങ്ങളുടെ പട്ടിക തന്നെ നിരത്തി മോദി. രണ്ട് തവണ അംബേദ്ക്കറെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി. നെഹ്‌റു തന്നെ അംബേദ്ക്കറിനെതിരെ പ്രചാരണം നടത്തി. അദ്ദേഹത്തെ തോല്‍പ്പിക്കേണ്ടത് പ്രസ്റ്റീജ് പ്രശ്‌നമായി തന്നെ അവര്‍ കണ്ടു. അദ്ദേഹത്തിന് ഒരു ഭാരതരത്ന പോലും നല്‍കിയില്ല. പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ അദ്ദേഹത്തിന്‍റെ ചിത്രത്തിന് പോലും ഇടം നല്‍കിയില്ലെന്നും മോദി ആരോപിച്ചു.
Also Read:അംബേദ്‌കറെ അപമാനിച്ച അമിത് ഷാ മാപ്പുപറയണം; പാർലമെന്‍റ് വളപ്പിൽ ഇന്ത്യ സഖ്യത്തിന്‍റെ പ്രതിഷേധം