ചെന്നൈ: ലോകത്ത് പ്രതിവർഷം 1,38,000 പേർ പാമ്പ് കടിയേറ്റ് മരിക്കുന്നുണ്ട് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നത്. ഇന്ത്യയിൽ പ്രതിവർഷം 58,000 പേർ പാമ്പ് കടിയേറ്റ് മരിക്കുന്നുണ്ട്. ഇന്ത്യയിൽ പാമ്പ് കടിയേറ്റ് മരണം സംഭവിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം ഉത്തര്‍പ്രദേശിനാണ്. രണ്ടാം സ്ഥാനത്ത് തമിഴ്‌നാടാണ്.
പാമ്പിന്‍റെ വിഷബാധയേറ്റവരെ അതേ പാമ്പിന്‍റെ വിഷം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. പാമ്പ് വിഷത്തിന്‍റെ ശേഖരണം ഏകോപിപ്പിക്കുന്നതിനും ചിട്ടപ്പെടുത്തുന്നതിനുമായാണ് 1978-ൽ ഇരുളർ സ്നേക്ക് ക്യാച്ചേഴ്‌സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് രൂപീകരിച്ചു.
തമിഴ്‌നാട് വാണിജ്യ വ്യവസായ വകുപ്പിന്‍റെ സഹകരണത്തോടെ മാമല്ലപുരത്തിന് തൊട്ടടുത്തുള്ള വാടനേമിലി പ്രദേശത്ത് ഇരുളർ സ്നേക്ക് ക്യാച്ചേഴ്‌സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്‍റെ തൊഴിൽ ക്ഷേമ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനാണ് അസോസിയേഷൻ സെക്രട്ടറിയുടെ ചുമതല.
ചെയർമാനും വൈസ് ചെയർമാനും 5 അംഗങ്ങളും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അടങ്ങുന്നതാണ് സ്നേക്ക് ക്യാച്ചേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. ഈ അസോസിയേഷന്‍റെ കീഴിൽ ഒരു പാമ്പ് ഫാമും പ്രവർത്തിക്കുന്നുണ്ട്.
തമിഴ്‌നാട് സർക്കാർ ഉത്തരവ് പ്രകാരം ഈ പാമ്പ് ഫാമിലേക്ക് ആവശ്യമായ പാമ്പുകളെ പിടികൂടി വിഷം വേർതിരിച്ചെടുക്കുകയാണ് ചെയ്യുന്നത്. ജൂലൈ മുതൽ മാർച്ച് 31 വരെ അനുവദനീയമായ പാമ്പുകളെ പിടികൂടി നോർത്ത് നെമിലി സ്നേക്ക് ഫാമിന് കൈമാറും. വർഷത്തിൽ 3 മാസം പാമ്പുകളെ പിടിക്കില്ല.
'ഈ അസോസിയേഷനിൽ പാമ്പിനെ പിടിക്കാൻ ലൈസൻസുള്ള 339 സ്‌ത്രീ പുരുഷന്മാരുണ്ട്. ഇവര്‍ പാമ്പിനെ പിടികൂടി ഫാമിൽ നൽകും. പാമ്പുകള്‍ക്ക് നിശ്ചയിച്ച വില ഞങ്ങൾ നൽകും.'- ഇരുളർ സ്നേക്ക് ക്യാച്ചേഴ്‌സ് കോ-ഓപ്പറേറ്റീവ് അസോസിയേഷൻ സെക്രട്ടറി ബാലാജി ഇ.ടി.വി ഭാരതിനോട് പറഞ്ഞു,
റസ്സൽസ് വൈപ്പറിനും ഇന്ത്യൻ കോബ്രയ്ക്കും 2760 രൂപയും സാധാരണ ക്രെയ്റ്റിന് 1020 രൂപയും എച്ചിസ് കരിനാറ്റസിന് 360 രൂപയുമാണ് പ്രതിഫലം.
തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട്, ചെന്നൈ തുടങ്ങിയ ജില്ലകളിൽ നിന്ന് ഇരുളർ സമുദായത്തിലെ ലൈസൻസുള്ളവർ പാമ്പുകളെ പിടികൂടി ഫാമിൽ നൽകുന്നുണ്ട്. ഇത്തരത്തില്‍ പിടികൂടുന്ന പാമ്പുകളെ 22 ദിവസം ഫാമില്‍ നിര്‍ത്തി 4 ദിവസത്തിലൊരിക്കല്‍ 4 തവണയായി വിഷം വലിച്ചെടുക്കും.
വിഷം വേര്‍ത്തിരിച്ച പാമ്പിന്‍റെ വാലിൽ ടാഗ് ഇട്ട ശേഷം അവയെ സുരക്ഷിതമായി അനുയോജ്യ സ്ഥലങ്ങളിലേക്ക് തിരികെ വിടും. ടാഗ് ഇടുന്നതിനാല്‍ ഇതേ പാമ്പിൽ നിന്ന്, ഒരു സമയ പരിധിക്ക് മുമ്പായി വീണ്ടും വിഷം എടുക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.
ഒരേ പാമ്പിൽ നിന്ന് നിശ്ചിത സമയത്തിന് മുമ്പ് വിഷം എടുത്താല്‍ പാമ്പിന്‍റെ പല്ലുകൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. ഇത്തരത്തില്‍ പിടികൂടിയ പാമ്പുകളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന വിഷം ഇന്ത്യയിലെ വിവിധ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് വിൽക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ 3 വർഷത്തിനിടെ 1807.150 ഗ്രാം വിഷം എടുത്ത് 5,43,53000 രൂപയ്ക്ക് വിറ്റു. ഇതിൽ വടനെമിലി സ്നേക്ക് ഫാമിങ് അസോസിയേഷന്‍റെ അറ്റാദായം 2.36 കോടി രൂപയാണെന്നും അസോസിയേഷൻ സെക്രട്ടറി ബാലാജി പറഞ്ഞു.