രാജസ്ഥാൻ:അഴിമതി ഇല്ലാതാക്കൂ എന്ന് മോദി പറയുമ്പോള്‍ അഴിമതിക്കാരെ രക്ഷിക്കൂ എന്നാണ് മറ്റുള്ളവർ പറയുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ കരൗലിയിൽ നടന്ന വിജയശംഖനാദ് റാലിയിലാണ് മോദിയുടെ പരാമര്‍ശം. അഴിമതിക്കാരെല്ലാം ജയിലിൽ പോകേണ്ടിവരുമെന്നും മോദി മുന്നറിയിപ്പ് നൽകി.
അഴിമതിക്കെതിരെ കർശന നടപടി സ്വീകരിച്ച് വരികയാണെന്ന് റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് മോദി പറഞ്ഞു. എല്ലാവരും അറിയണം, മോദിയെ എത്ര ഭീഷണിപ്പെടുത്തിയാലും അഴിമതിക്കാർ ജയിലിൽ പോകേണ്ടിവരും. ഇതാണ് മോദിയുടെ ഗ്യാരണ്ടിയെന്നും അദ്ദേഹം പറഞ്ഞു.
'വിശ്രമിക്കാനും ഉല്ലസിക്കാനും വേണ്ടിയല്ല മോദി ജനിച്ചത്. മോദി കഠിനാധ്വാനം ചെയ്യുകയാണ്. കാരണം അദ്ദേഹത്തിന്റെ ലക്ഷ്യങ്ങൾ വളരെ വലുതാണ്. ലക്ഷ്യങ്ങൾ രാജ്യത്തെ പൗരന്മാരോടും അവരുടെ കുട്ടികളോടും ഭാവി തലമുറയോടും മാത്രം ബന്ധപ്പെട്ടതാണ്.' -മോദി പറഞ്ഞു.
കോണ്‍ഗ്രസിന് വിമര്‍ശനം :
കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ പേപ്പർ ചോർച്ച മാഫിയ ശൃംഖല തന്നെ വികസിപ്പിച്ചെടുത്തെന്ന് മോദി ആരോപിച്ചു. ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ ഇത്തരം മാഫിയകൾ ജയിലിൽ പോകുമെന്നത് മോദിയുടെ ഗ്യാരണ്ടി ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജസ്ഥാനിൽ വോട്ട് ബാങ്കിന് വേണ്ടി കോൺഗ്രസ് വൃത്തികെട്ട കളി കളിച്ചു. മദൻ മോഹനെ സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിക്കാൻ തയ്യാറായ നാടാണിത്. പ്രീണന രാഷ്ട്രീയത്തിൽ, ഇവിടെ രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായി. അവര്‍ സനാതന ധർമ്മത്തെ തകര്‍ക്കുന്നതിനെ പറ്റിയാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.