കേരളം

kerala

ETV Bharat / bharat

കശ്‌മീരില്‍ വൻ ഭീകരാക്രമണം; രണ്ട് സൈനികര്‍ക്ക് വീരമൃത്യു, തിരിച്ചടിക്കാൻ ഒരുങ്ങി സുരക്ഷാസേന - TERRORISTS ATTACK TO ARMY VEHICLE

18 രാഷ്‌ട്രീയ റൈഫിൾസിന്‍റെ വാഹനം ബൂട്ടപത്രിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

BARAMULLA TERRORISTS ATTACK  JAMMU KASHMIR TERRORIST ATTACK  ബാരാമുള്ള ഭീകരാക്രമണം  ജമ്മു കശ്‌മീര്‍ തീവ്രവാദ ആക്രമണം
Representative image (ANI)

By ETV Bharat Kerala Team

Published : Oct 24, 2024, 10:42 PM IST

ബാരാമുള്ള:വടക്കൻ കശ്‌മീരിലെ ബാരാമുള്ള ജില്ലയിലെ ഗുൽമാർഗിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപം സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിക്കുകയും രണ്ട് ചുമട്ടുതൊഴിലാളികള്‍ കൊല്ലപ്പെടുകയും ചെയ്‌തു. ഭീകരാക്രമണത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റെന്നും അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 18 രാഷ്‌ട്രീയ റൈഫിൾസിന്‍റെ (ആർആർ) വാഹനം ബൂട്ടപത്രിൽ നിന്ന് യാത്ര ചെയ്യുന്നതിനിടെയാണ് ആക്രമണം നടന്നത് എന്ന് ബാരാമുള്ള പൊലീസ് അറിയിച്ചു.

വ്യാഴാഴ്‌ച വൈകിട്ടോടെയാണ് ഭീകരർ സൈനിക വാഹനത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ഭീകരരെ കണ്ടെത്താൻ സുരക്ഷാ സേന തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ ഭീകരരുമായി സുരക്ഷാ സേന ഏറ്റമുട്ടല്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കശ്‌മീരിൽ നടക്കുന്ന രണ്ടാമത്തെ വലിയ ഭീകരാക്രമണമാണിത്. ഞായറാഴ്‌ച രാവിലെ സോനാമാർഗിലെ ഗഗൻഗീറിൽ നടന്ന ഭീകരാക്രമണത്തില്‍ ഒരു ഡോക്‌ടര്‍ ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടിരുന്നു.

ജമ്മു കശ്‌മീരിലെ പുൽവാമ ജില്ലയിൽ തൊഴിലാളിയെ ദുരൂഹ സാഹചര്യത്തില്‍ പരിക്കേറ്റ നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് ഗുൽമാർഗിൽ ആക്രമണമുണ്ടായത്. ഉത്തർപ്രദേശ് സ്വദേശിയായ പ്രീതം സിങ് എന്ന തൊഴിലാളിക്കാണ് പുൽവാമയിലെ ത്രാൽ പ്രദേശത്ത് വച്ച് പരിക്കേറ്റിരുന്നു, എന്നാൽ ഇത് തീവ്രവാദവുമായി ബന്ധപ്പെട്ടതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള:

അതേസമയം, ബാരാമുള്ളയിലെ ആക്രമണത്തെ അപലപിച്ച് ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള രംഗത്തെത്തി. 'വടക്കൻ കശ്‌മീരിലെ ബൂട്ടപത്രി മേഖലയിൽ സൈനിക വാഹനങ്ങൾക്ക് നേരെ ആക്രമണമുണ്ടായതും ആക്രമണത്തില്‍ ആളപായവും പരിക്കുകളുമുണ്ടായി എന്നതുമുള്ള വാര്‍ത്ത വളരെ ദൗർഭാഗ്യകരമാണ്. അടുത്തിടെയായി കശ്‌മീരിൽ നടന്ന ആക്രമണങ്ങൾ ഗൗരവമായി കാണേണ്ടതുണ്ട്. ഈ ആക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. ജീവൻ നഷ്‌ടപ്പെട്ടവരുടെ പ്രിയപ്പെട്ടവർക്ക് എന്‍റെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തില്‍ സുഖം പ്രാപിക്കട്ടേയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.'-ഒമര്‍ അബ്‌ദുള്ള എക്‌സില്‍ കുറിച്ചു.

ആക്രമണത്തെ അപലപിച്ച് മെഹബൂബ മുഫ്‌തി:

ബാരാമുള്ളയിലെ ഭീകരാക്രമണത്തിൽ പിഡിപി മേധാവി മെഹബൂബ മുഫ്‌തിയും ദുഃഖം രേഖപ്പെടുത്തി. 'ബാരാമുള്ളയിൽ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സിവിലിയൻ കൊല്ലപ്പെട്ട വാര്‍ത്ത ഞെട്ടലും സങ്കടവുമുണ്ടാക്കുന്നതാണ്. സംഭവത്തെ അസന്ദിഗ്‌ധമായി അപലപിക്കുകയും പരിക്കേറ്റ സൈനികർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർഥിക്കുകയും ചെയ്യുന്നു.'- മെഹബൂബ മുഫ്‌തി എക്‌സില്‍ കുറിച്ചു.

അതിനിടെ, നോർത്തേൺ ആർമി കമാൻഡർ ലഫ്റ്റനന്‍റ് ജനറൽ എം വി സുചീന്ദ്ര കുമാർ കശ്‌മീരിലെ സുരക്ഷ അവലോകനം ചെയ്‌തു. സേനയോട് ജാഗ്രത പാലിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

മൂന്ന് ദിവസം മുമ്പാണ് ടണൽ തൊഴിലാളികളുടെ പാർപ്പിട ക്യാമ്പിന് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തി ആറ് നിർമാണ തൊഴിലാളികളെയും ഒരു ഡോക്‌ടറെയും കൊലപ്പെടുത്തിയത്. ഈ ആക്രമണത്തെ തുടർന്ന്, നിരവധി ജില്ലകളിലായി സേന നടത്തിയ റെയ്ഡുകളിലൂടെ തീവ്രവാദ ഗ്രൂപ്പായ തെഹ്‌രീക് ലബൈക് യാ മുസ്‌ലിമിനെ നിര്‍വീര്യമാക്കിയിരുന്നു. അടുത്തിടെ നടന്ന അക്രമങ്ങളില്‍ ഈ തീവ്രവാദ സംഘത്തിന് ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Also Read:'കശ്‌മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ സാധ്യമായ പിന്തുണ നല്‍കും': അമിത്‌ ഷാ

ABOUT THE AUTHOR

...view details