ഹൈദരാബാദ് : തെലങ്കാന വിജിലൻസ് ആൻഡ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടർ ജനറൽ രാജീവ് രത്തൻ (59) ഇന്നലെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഹൈദരാബാദ് മഹേശ്വരം മണ്ഡലിലെ തുമ്മലൂരിലെ മാക് ബിടിആർ ഗേറ്റഡ് കോളനിയിൽ താമസിക്കുന്ന അദ്ദേഹം മകനുമായി നടക്കാനിറങ്ങിയതായിരുന്നു. വൈകിട്ട് 6.40ഓടെ അതിശശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടതോടെ. മകൻ കൃത്രിമ ശ്വാസം നൽകിയതിനാൽ (സിപിആർ) അൽപം സുഖം പ്രാപിച്ചിരുന്നു.
പെട്ടന്ന് വേദന വീണ്ടും രൂക്ഷമായതോടെ ഡ്രൈവറെ വിളിച്ചുവരുത്തി ഗച്ചിബൗളിയിലെ എഐജി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം മരിച്ചതെന്ന് ഡോക്‌ടർമാർ അറിയിച്ചു.
അദ്ദേഹത്തിന്‍റെ പെട്ടെന്നുള്ള മരണം തെലങ്കാന പൊലീസ് വകുപ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. പോലീസ് ഡിപ്പാർട്ട്‌മെന്‍റിലെ മികച്ച ഉദ്യോഗസ്ഥനായാണ് അദ്ദേഹം അറിയപ്പെടുന്നത്. ഹരിയാനയിൽ നിന്ന് തെലങ്കാനയിൽ എത്തിയ അദ്ദേഹം ഡെറാഡൂണിലെ പ്രശസ്‌തമായ രാഷ്‌ട്രീയ ഇന്ത്യൻ മിലിട്ടറി കോളജിലാണ് (RIMC) പഠിച്ചത്.
1991 ഐപിഎസ് ബാച്ച് ആന്ധ്രാപ്രദേശ് കേഡറായി അഖിലേന്ത്യ പൊലീസ് സർവീസിൽ ചേർന്നു. 33 വർഷം കേന്ദ്ര-സംസ്ഥാന സർവീസുകളിൽ ജോലി ചെയ്‌തു. ആദ്യം എഎസ്‌പി കാമറെഡ്ഡിയായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് വിശാഖപട്ടണം, കരിംനഗർ എന്നിവിടങ്ങളില്‍ അഡിഷണൽ എസ്‌പി ആയി സേവനമനുഷ്‌ഠിച്ചു. സെൻട്രൽ സർവീസസിൽ ചേർന്ന് ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസിൻ്റെ കമാൻഡിങ് ഓഫിസറായി സേവനമനുഷ്‌ഠിച്ചു.
ഐജി എന്ന നിലയിൽ സൈബരാബാദിന്‍റെ ചുമതലയുള്ള കമ്മിഷണറായും ക്രമസമാധാന വകുപ്പിന്‍റെ മേൽനോട്ടം വഹിച്ചിരുന്നു. അഡിഷണൽ ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച ശേഷം, അദ്ദേഹം ദീർഘകാലം ഓർഗനൈസേഷൻസ്, ഫയർ സർവീസസ് വകുപ്പുകളുടെ മേൽനോട്ടം വഹിക്കുകയും തെലങ്കാന പൊലീസ് ഹൗസിങ് കോർപ്പറേഷന്‍റെ എംഡിയായി പ്രവർത്തിക്കുകയും ചെയ്‌തു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചത്. 2018-ൽ രാഷ്‌ട്രപതിയുടെ പൊലീസ് മെഡൽ (പിപിഎം) ലഭിച്ചു. ചുരുങ്ങിയ കാലത്തിനുള്ളിൽ വിജിലൻസ് ഡിജിയായി അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.
ഈ വർഷം ഒക്‌ടോബറിൽ സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയായിരുന്നു അദ്ദേഹത്തിന്‍റെ മരണം. കഴിഞ്ഞ മാസം ഷില്ലോങ്ങിൽ നടന്ന അഖിലേന്ത്യ പൊലീസ് ഗോൾഫ് ടൂർണമെന്‍റിൽ ബാച്ച്‌മേറ്റ് എസിബി ഡയറക്‌ടർ ജനറൽ സിവി ആനന്ദിനൊപ്പം പങ്കെടുത്തിട്ടുണ്ട്. രാജീവ് രത്തന്‍റെ പെട്ടെന്നുള്ള മരണ വിവരമറിഞ്ഞ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എഐജി ആശുപത്രിയിലെത്തിയിരുന്നു. മൃതദേഹം എഐജി ആശുപത്രിയിൽ നിന്ന് തുമ്മലൂരിലെ വസതിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് ശേഷം ഷാക്ക്പേട്ടിലെ മഹാപ്രസ്ഥാനത്തേക്ക് മാറ്റി സംസ്‌കാര ചടങ്ങുകൾ നടത്തും.
Also Read : തെലങ്കാന-ഛത്തീസ്‌ഗഢ് അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; 3 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു - 3 MAOISTS KILLED TELANGANA