നാഗര്‍കുര്‍ണൂല്‍:ശനിയാഴ്‌ച തകര്‍ന്ന് വീണ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍(എസ്‌എല്‍ബിസി) തുരങ്കത്തില്‍ കുടുങ്ങിയ എട്ട് തൊഴിലാളികളെയും രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ദൗത്യം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, നാഷണല്‍ ജ്യോഗ്രഫിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഓസ്‌ട്രേലിയന്‍ സംഘമായ എല്‍ ആന്‍ഡ് ടി തുടങ്ങിയ, തുരങ്ക ദുരന്ത കൈകാര്യം ചെയ്യലില്‍ ദീര്‍ഘകാലത്തെ പരിചയമുള്ള പല സംഘങ്ങളെയും തെലങ്കാന സംസ്ഥാന സര്‍ക്കാര്‍ രക്ഷാദൗത്യത്തിനായി നിയോഗിച്ചിട്ടുണ്ട്.
ദേശീയ ദുരന്തനിവാരണ സേന, സൈന്യം മറ്റ് വിവിധ ഏജന്‍സികള്‍ തുടങ്ങിയവയില്‍ നിന്നുള്ള നിരവധി സംഘങ്ങള്‍ ഇന്നും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കുടുങ്ങിയിരിക്കുന്നവരെ എത്രയും പെട്ടെന്ന് പുറത്തെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സംഘം. 72 മണിക്കൂറിലേറെയായി തുരങ്കത്തില്‍ കുടുങ്ങിയിരിക്കുന്ന രണ്ട് എന്‍ജീനിയര്‍മാര്‍, രണ്ട് മെഷീന്‍ ഓപ്പറേറ്റമാര്‍ തുടങ്ങിയവരടക്കമുള്ള എട്ട് പേരുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് യാതൊരു ധാരണയുമില്ല.
വെള്ളവും ചെളിയും രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നു. ഇതിന് പുറമെ ഇരുമ്പ് ദണ്ഡുകളും സിമന്‍റ് കട്ടകളും മറ്റും അപകടസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരുടെ യാത്ര ദുഷ്‌ക്കരമാക്കുന്നു.
വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിന് പുറമെ തുരങ്കത്തിന്‍റെ സ്ഥിരത ഉറപ്പാക്കിയിട്ട് മാത്രമേ ഇനി ഒരടിയെങ്കിലും ദൗത്യം മുന്നോട്ട് കൊണ്ടുപോകാനാകൂ എന്നും നാഗര്‍ കുര്‍ണൂല്‍ ജില്ല കളക്‌ടര്‍ ബി സന്തോഷ് പറഞ്ഞു.
നിലവില്‍ കുടുങ്ങിക്കിടക്കുന്നവരുമായി ആശയവിനിമയം സാധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജിയോളജിക്കല്‍ സര്‍വേ അടക്കമുള്ളവരുടെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിന് തൊട്ടടുത്ത് വരെ തങ്ങള്‍ എത്തിയിട്ടുണ്ട്. ഇനി കേവലം അന്‍പത് മീറ്റര്‍ കൂടിയേ അവരിലേക്ക് എത്താന്‍ അവശേഷിക്കുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ അന്‍പത് മീറ്റര്‍ അവശിഷ്‌ടങ്ങളും ചെളിയും മൂടിക്കിടക്കുന്നതിനാല്‍ ഏറെ ദുഷ്‌കരമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാര്‍ക്കയും ജലസേചന വകുപ്പ് മന്ത്രി ഉത്തംകുമാര്‍ റെഡ്ഡിയും ഇന്ന് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ചില നിര്‍ണായക തീരുമാനങ്ങള്‍ അവര്‍ കൈക്കൊള്ളുമെന്നാണ് വിവരം.
കരനാവിക സേനകളില്‍ നിന്നും നിന്നുള്ള 583 വിദഗ്ദ്ധര്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. ഏഴ് തവണ സംഘം തുരങ്കത്തില്‍ പരിശോധന നടത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് ലോഹങ്ങള്‍ മുറിച്ച് നീക്കാന്‍ ശ്രമം തുടരുകയാണ്.
കുടുങ്ങിയിരിക്കുന്നവരെ ജീവനോടെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷ അസ്‌തമിച്ചെന്ന തരത്തിലാണ് കഴിഞ്ഞ ദിവസം തെലങ്കാന മന്ത്രി ജുപാല്ലി കൃഷ്‌ണ റാവു പ്രതികരിച്ചത്. അപകട സ്ഥലം ചെളിയും മറ്റ് അവശിഷ്‌ടങ്ങളും നിറഞ്ഞിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇനിയും ദിവസങ്ങള്‍ വേണ്ടി വരും.
2023 ഉത്തരാഖണ്ഡിലെ സില്‍ക്യാര ബെന്‍ഡ് ബാര്‍കോട്ട് തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിച്ച റാറ്റ് മൈനേഴ്‌സും ദൗത്യത്തില്‍ ചേര്‍ന്നതായി മന്ത്രി അറിയിച്ചു.
Also Read:നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധവുമായി അമേരിക്ക, നടപടി ഇറാന്‍ എണ്ണക്കമ്പനികളുമായി സഹകരിച്ചതിന്‍റെ പേരില്‍