കേരളം

kerala

ETV Bharat / bharat

ക്ലാസിലെ വഴക്കിനിടെ അധ്യാപകന്‍ കസേരയിലിരുന്ന് മരിച്ചു; മൂന്ന് വിദ്യാര്‍ഥികള്‍ കസ്‌റ്റഡിയില്‍ - STUDENTS DETAINED IN TEACHER DEATH

അധ്യാപകനോട് തര്‍ക്കിച്ച മൂന്ന് വിദ്യാർഥികൾ അദ്ദേഹത്തെ നെഞ്ചില്‍ ഇടിച്ചിരുന്നു എന്ന് ആരോപണം. അധ്യാപകനെ ക്ലാസിൽ തള്ളിയിട്ടതായും കണ്ടെത്തൽ.

KOTHAPALLI TEACHER DEATH  TEACHER DIED SOLVING STUDENT FIGHT  തെലങ്കാന അധ്യാപകന്‍റെ മരണം  കൊത്താപ്പള്ളി ഉറുദു ഹൈസ്‌കൂള്‍
Deceased Ejas Ahmed (ETV Bharat)

By ETV Bharat Kerala Team

Published : Dec 6, 2024, 7:12 PM IST

ഹൈദരാബാദ്: വിദ്യാർഥികൾ തമ്മിലുള്ള കയ്യാങ്കളി പരിഹരിച്ചതിന് പിന്നാലെ അധ്യാപകന്‍ കുഴഞ്ഞു വീണ് മരിച്ച സംഭത്തില്‍ മൂന്ന് വിദ്യാര്‍ഥികളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. തെലങ്കാനയിലെ കൊത്താപ്പള്ളി ഉറുദു ഹൈസ്‌കൂളില്‍ കഴിഞ്ഞ ബുധനാഴ്‌ചയാണ് സംഭവം. ആന്ധ്രാപ്രദേശ് സ്വദേശി ഇജാസ് അഹമ്മദ് (42) ആണ് ക്ലാസ് മുറിയിലെ കസേരയിലിരുന്ന് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു.

സംഭവമിങ്ങനെ:

സയൻസ് അധ്യാപകനായ ഇജാസ് അഹമ്മദ് ക്ലാസ് എടുത്തുകൊണ്ടിരിക്കെയാണ് തൊട്ടടുത്ത, ഒമ്പതാം ക്ലാസിന്‍റെ മുറിയില്‍ നിന്ന് ബഹളം കേട്ടത്. വിദ്യാർഥികൾ തമ്മില്‍ തല്ലുകൂടുന്നത് കണ്ട അധ്യാപകന്‍ ഇവരെ പിടിച്ചുമാറ്റി. വഴക്കിട്ട വിദ്യാര്‍ഥികളെ ശാസിക്കുകയും ചെയ്‌തു.

ഒരു വിദ്യാർഥിയെ അധ്യാപകന്‍ കർശനമായി താക്കീത് ചെയ്‌തതായി ദൃക്‌സാക്ഷികൾ പറഞ്ഞു. പിന്നീട് ഈ വിദ്യാര്‍ഥിയും മറ്റ് രണ്ട് വിദ്യാർഥികളും ചേര്‍ന്ന് അധ്യാപകനുമായി വഴക്കിട്ടു. സഹാധ്യാപകർ എത്തി ഇജാസ് അഹമ്മദിനെ പ്രിൻസിപ്പലിന്‍റെ ഓഫീസിലെത്തിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

തുടര്‍ന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട അധ്യാപകന് സഹപ്രവർത്തകര്‍ മരുന്ന് നല്‍കി. എന്നാല്‍ അല്‍പ സമയത്തിന് ശേഷം അധ്യാപകന്‍ ഇരുന്ന കസേരയിൽ ഇരിക്കെ തന്നെ കുഴഞ്ഞ് വീഴുകയായിരുന്നു.

ദുരൂഹതയുണ്ടെന്ന് ഭാര്യ:

അധ്യാപകനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമാണ് അധ്യാപകന്‍ മരിച്ചത് എന്നാണ് പൊലീസ് കുടുംബത്തെ അറിയിച്ചത്. എന്നാല്‍ അധ്യാപകന്‍റെ ഭാര്യയും അധ്യാപികയുമായ റഹ്മൂന്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിക്കുകയായിരുന്നു.

അധ്യാപകനോട് തര്‍ക്കിച്ച മൂന്ന് വിദ്യാർഥികൾ അദ്ദേഹത്തെ നെഞ്ചില്‍ ഇടിച്ചിരുന്നു എന്ന് ഭാര്യ ആരോപിച്ചു. മരണത്തിന് കാരണക്കാരായ വിദ്യാർഥികളെ അധ്യാപകരും പൊലീസും സംരക്ഷിക്കുകയാണെന്നും ഭാര്യ ആരോപിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.

വിദ്യാര്‍ഥികള്‍ കസ്‌റ്റഡിയില്‍

അന്വേഷണത്തിനൊടുവിലാണ് വിദ്യാർഥികളെ ഇന്ന് (06-12-2024) പൊലീസ് കസ്‌റ്റഡിയിലെടുത്തത്. അധ്യാപകന്‍റെ മരണത്തിന് കുട്ടികളുടെ പ്രവര്‍ത്തി കാരണമായിട്ടുണ്ട് എന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ പ്രാഥമിക നിഗമനം. വിദ്യാര്‍ഥികള്‍ അധ്യാപനെ കയ്യേറ്റം ചെയ്‌തിരുന്നു എന്നും മൂവരും ചേർന്ന് അധ്യാപകനെ തള്ളിയിട്ടതായും അന്വേഷണത്തില്‍ വ്യക്തമായി. വിദ്യാർഥികൾക്ക് മുന്നില്‍ അപമാനിക്കപ്പെട്ടതില്‍ അധ്യാപകന് മനോവിഷമമുണ്ടായി എന്നാണ് കണ്ടെത്തല്‍. ഇതിന് പിന്നാലെയാണ് ഹൃദായാഘാതമുണ്ടായത്.

വിദ്യാർഥികളെയും പ്രധാനാധ്യാപകനെയും മറ്റ് അധ്യാപകരെയും പൊലീസ് ചോദ്യം ചെയ്‌ത് മൊഴി രേഖപ്പെടുത്തി. സംഭവ സമയത്ത് പ്രധാനാധ്യാപകൻ അനാസ്ഥ കാട്ടിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. പ്രധാനാധ്യാപകനെതിരെ വകുപ്പു തല നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്.

പോസ്‌റ്റ്‌മോർട്ടം പൂർത്തിയാക്കി അധ്യാപകന്‍റെ മൃതദേഹം ഇന്നലെ ബന്ധുക്കൾക്ക് വിട്ടു നല്‍കി. ഭർത്താവിൻ്റെ മരണത്തിൽ മൂന്ന് വിദ്യാർഥികള്‍ക്കും ചില അധ്യാപകര്‍ക്കും പങ്കുണ്ടെന്ന് ആരോപിച്ച് ആംബുലൻസിന് മുന്നിൽ അഹമ്മദിൻ്റെ ഭാര്യ റഹ്മൂനും ബന്ധുക്കളും ധർണ നടത്തിയിരുന്നു. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെതിരെ നടപടിയെടുക്കണമെന്നും ഭാര്യ ആവശ്യപ്പെട്ടു.

അതേസമയം, പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചത്. ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതരും വ്യക്തമാക്കി.

Also Read:ഈ സ്‌കൂളില്‍ ഒച്ചയും ബഹളങ്ങളുമില്ല; ഒരേയൊരു വിദ്യാര്‍ഥിയും അധ്യാപകനും മാത്രം

ABOUT THE AUTHOR

...view details