അമരാവതി:ആന്ധ്രപ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ടിഡിപി (തെലുങ്കുദേശം പാർട്ടി), ജെഎസ്‌പി പാര്‍ട്ടികള്‍ (ജനസേന പാർട്ടി). യുവാക്കള്‍, പുതുമുഖങ്ങള്‍, സ്‌ത്രീകള്‍ എന്നിവര്‍ക്ക് പ്രാതിനിധ്യം നല്‍കിയിട്ടുള്ളതാണ് ഇത്തവണത്തെ സ്ഥാനാര്‍ഥി പട്ടിക. ആന്ധ്രപ്രദേശിലെ രാഷ്‌ട്രീയ രംഗത്തിന് നിര്‍ണായകമായിരിക്കും നിയമസഭ തെരഞ്ഞെടുപ്പ്.
94 സ്ഥാനാര്‍ഥികളുടെ പേരുകള്‍ ടിഡിപി പ്രഖ്യാപിച്ചപ്പോള്‍ 24 സ്ഥാനാര്‍ഥികളുടെ പേരുകളാണ് ജനസേന പുറത്ത് വിട്ടത്. ടിഡിപി പുറത്ത് വിട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 23 പേര്‍ പുതുമുഖങ്ങളാണ്. പരമ്പരാഗത രീതികളില്‍ നിന്നും വ്യത്യസ്‌തമായ സ്ഥാനാര്‍ഥി പ്രഖ്യാപനം ആന്ധ്രയില്‍ ഭരണം പിടിക്കാനുള്ള ഇരുപാര്‍ട്ടികളുടെയും തന്ത്രമാകും.
പാര്‍ട്ടികള്‍ പുറത്ത് വിട്ട പട്ടികയില്‍ 28 സ്ഥാനാര്‍ഥികള്‍ ബിരുദാനന്തര ബിരുദമുള്ളവരും 50 പേര്‍ ബിരുദമുള്ളവരും മൂന്ന് പേര്‍ ഡോക്‌ടര്‍മാരും 2 പേര്‍ പിഎച്ച്‌ഡി നേടിയവരും ഒരാള്‍ ഐഎഎസ് ഓഫിസറുമാണ്. 1 കോടിയിലധികം വരുന്ന ജനങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകാരം തയ്യാറാക്കിയതാണ് സ്ഥാനാര്‍ഥി പട്ടിക. ഇന്ത്യയിലെ രാഷ്‌ട്രീയ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്.
ടിഡിപി-ജെഎസ്‌പി പാര്‍ട്ടികള്‍ സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ കടുത്ത ശ്രമം നടത്തുമ്പോള്‍ തുടര്‍ ഭരണം നയിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്‌ആര്‍സിപി. സംസ്ഥാനത്ത് രാഷ്‌ട്രീയ യുദ്ധമാണ് അരങ്ങേറാന്‍ പോകുന്നതെന്ന് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു. ടിഡിപി ജെഎസ്‌പി യുദ്ധത്തിന് തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.