ചെന്നൈ: കാനഡയിലെ ടൊറന്‍റോയില്‍ നടന്ന ഫിഡെ കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്‍റില്‍ കിരീടം സ്വന്തമാക്കിയ ഡി ഗുകേഷിനെ നേരിട്ടെത്തി അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഗുകേഷിന്‍റെ ചെന്നൈയിലുള്ള വീട്ടിലെത്തിയാണ് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചത്. ഗുകേഷിനെ പൊന്നാട അണിയിച്ച് അഭിനന്ദനം അറിയിച്ച മുഖ്യമന്ത്രി 75 ലക്ഷം രൂപയുടെ ചെക്കും സമ്മാനിച്ചു.
യുവജനക്ഷേമ കായികവികസനമന്ത്രി ഉദയനിധി സ്റ്റാലിനും യുവജനക്ഷേമ കായിക വികസന അഡീഷണല്‍ ചീഫ് സെക്രട്ടറി അദുല്യ മിശ്രയും മുഖ്യമന്ത്രിക്കൊപ്പം എത്തിയിരുന്നു. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഗുകേഷിന്‍റെ ഈ മത്സരത്തിന്‍റെ പരിശീലനത്തിനായി പതിനഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നു.
തമിഴ്‌നാട് സര്‍ക്കാര്‍ കായികതാരങ്ങളെ വിവിധതരത്തില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഗുകേഷ് പറഞ്ഞു. പരിശീലനസമയത്തും വിജയം നേടിയ ഉടനെയും നല്‍കുന്ന സമ്മാനത്തുകകള്‍ വലിയ സഹായവും പ്രോത്സാഹനവുമാണ്. മന്ത്രി ഉദയനിധി സ്റ്റാലിനും നിരന്തരം പിന്തുണ നല്‍കുന്നുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്‍റെ കായിക വികസന അതോറിറ്റിയുടെ പദ്ധതിയില്‍ പ്രതിഭാധനരായ കായികതാരങ്ങളുടെ കീഴില്‍ പരിശീലനം നേടാനായത് തനിക്ക് ഏറെ പ്രയോജനകരമായി. അതാണ് ഈ വിജയം തനിക്ക് നേടിത്തന്നതെന്നും ഗുകേഷ് വ്യക്തമാക്കി.
Also Read:കാൻഡിഡേറ്റ്സ് ചെസ് ചാംപ്യൻ ജേതാവായ ഡി ഗുകേഷിന് ചെന്നൈ വിമാനത്താവളത്തിൽ ഗംഭീര സ്വീകരണം
ഈ മാസം 25നാണ് കാനഡയില്‍ നിന്ന് ഗുകേഷ് തിരികെയെത്തിയത്. താരം പഠിച്ച വേലമ്മാള്‍ വിദ്യാലയത്തില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരുന്നത്. പതിനേഴുകാരനായ ഗുകേഷാണ് ഇത്രയും ചെറിയ പ്രായത്തില്‍ ഈ കിരീടം സ്വന്തമാക്കുന്നതാരം. മാത്രവുമല്ല വിശ്വനാഥന്‍ ആനന്ദിന് ശേഷം ഈ കിരീടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യാക്കാരന്‍ എന്ന പദവിയിലേക്ക് കൂടി നടന്ന് കയറിയിരിക്കുകയാണ് ഈ ബാലന്‍.