ന്യൂഡൽഹി :ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഇന്ന് (05-06-2024) വൈകിട്ട് നടക്കാനിരിക്കുന്ന ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിന് വേണ്ടി തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിൻ ഡൽഹിയിലേക്ക് പുറപ്പെട്ടു. തമിഴ്‌നാട്ടിൽ 22 സീറ്റുകളാണ് സ്റ്റാലിന്‍റെ ഡിഎംകെ നേടിയത്. ഇന്ത്യ സഖ്യത്തിന്‍റെ പ്രകടനത്തെ ചരിത്രപരമെന്നാണ് തെരഞ്ഞെടുപ്പിന് ശേഷം സ്റ്റാലിൻ വിശേഷിപ്പിച്ചത്.
തമിഴ്‌നാട്ടില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈക്ക് അടക്കം കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഡിഎംകെ സ്ഥാനാർഥിയും കോയമ്പത്തൂരിന്‍റെ മുൻമേയറുമായ ഗണപതി പി രാജ്‌കുമാർ 81,675 വോട്ടിന്‍റെ വൻ ഭൂരിപക്ഷത്തിനാണ് അണ്ണാമലൈയെ തോല്‍പ്പിച്ചത്.
'ബിജെപിയുടെ എല്ലാ സാമ്പത്തിക ശക്തിയും അധികാര ദുർവിനിയോഗവും മാധ്യമ ലോബിയിങ്ങുമെല്ലാം തകർത്ത് ഇന്ത്യ സഖ്യം നേടിയ വിജയം ചരിത്രപരമാണ്'- സ്‌റ്റാലിന്‍ പറഞ്ഞു. ഭാവി തന്ത്രങ്ങൾ രൂപപെടുത്തുന്നതിന് എൻഡിഎയും ഇന്ന് യോഗം ചേരുന്നുണ്ട്. കേന്ദ്ര മന്ത്രിസഭ ഇന്ന് രാവിലെ 11.30 ന് ഡൽഹിയിൽ യോഗം ചേർന്നേക്കും.