ന്യൂഡല്‍ഹി:ഇലക്‌ടറൽ ബോണ്ട് കേസില്‍ എസ്ബിഐക്ക് തിരിച്ചടി. ഇലക്‌ടറൽ ബോണ്ട് വിവരങ്ങള്‍ നാളെത്തന്നെ (12.03.24) നല്‍കണമെന്ന് സുപ്രീംകോടതി അറിയിച്ചും. ജൂണ്‍ 30വരെ സാവകാശം നല്‍കാനാവില്ലെന്നും, തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെള്ളിയാഴ്‌ച വിവരം പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി ഉത്തരവ്.
ഇലക്‌ടറൽ ബോണ്ട് കേസില്‍ എസ്ബിഐയെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു സുപ്രീംകോടതി ഉത്തരവ്. വിധി വന്ന് 26 ദിവസമായിട്ടും എന്തെടുക്കുകയായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് എസ്ബിഐയോട് ചോദിച്ചു. പതിനായിരം ബോണ്ട് എങ്കിലും ക്രോഡീകരിക്കാമായിരുന്നില്ലേ എന്നും കോടതി ചോദിച്ചു. വിവരങ്ങള്‍ സീല്‍ഡ് കവറില്‍ ഇല്ലേ, അത് തുറന്നാല്‍ പോരേയെന്നും കോടതി ചോദിച്ചു (Supreme Court).
തെരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ചാവിഷയമായ ഇലക്‌ടറൽ ബോണ്ട് കേസില്‍ സുപ്രീംകോടതിയില്‍ ഇന്ന് എസ്ബിഐക്ക് സുപ്രധാന ദിനമായിരുന്നു. ഭരണഘടന ബെഞ്ച് റദ്ദാക്കിയ ഇലക്‌ടറൽ ബോണ്ടിന്‍റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കഴിയും വരെ സമയം നീട്ടി ചോദിച്ച എസ്ബിഐയോട് സുപ്രീംകോടതി രൂക്ഷമായ ഭാഷയിലാണ് മറുപടി പറഞ്ഞത്. ജൂൺ 30 വരെ സമയം വേണമെന്നായിരുന്നു എസ്ബിഐ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടത്.
വിവരങ്ങള്‍ എസ്ബിഐയുടെ മുംബൈ മെയിന്‍ ബ്രാഞ്ചിലല്ലേ ഉള്ളതെന്ന് കോടതി ചോദിച്ചു. എന്നാല്‍ വാങ്ങിയവരുടെ വിവരങ്ങളും ബോണ്ട് നമ്പറും കോര്‍ ബാങ്കിങ് സിസ്റ്റത്തില്‍ ഇല്ലെന്ന് എസ്ബിഐ മറുപടി നല്‍കുകയായിരുന്നു (Electoral Bonds). ഇലക്‌ടറൽ ബോണ്ട് വാങ്ങിയവരുടെ പേരുവിവരങ്ങളും ബോണ്ട് നമ്പറും സീല്‍ഡ് കവറിലാണ് വെച്ചിരുന്നത്. അതത് ബ്രാഞ്ചുകളില്‍ നിന്നും ഇത് മുംബൈ മെയിന്‍ ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. ഇത് എടുത്ത് ക്രോഡീകരിക്കുന്നതിന് കാലതാമസം വരുമെന്നുമായിരുന്നു എസ്ബിഐ കോടതിയെ അറിയിച്ചത്. മുതിർന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് എസ്ബിഐക്ക് വേണ്ടി ഹാജരായത്.