ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ 25,000 ത്തിലധികം അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട ഡിജിറ്റൈസ്‌ഡ് രേഖകൾ സൂക്ഷിക്കാൻ അധികാരികൾ ബാധ്യസ്ഥരാണെന്ന് സുപ്രീം കോടതി. സംസ്ഥാനത്തെ നിയമന അഴിമതി കണക്കിലെടുത്താണ് ഉത്തരവ്. അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും നിയമനം റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതിയുടെ വിധിക്കെതിരെയുള്ള ഹര്‍ജികൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് പശ്ചിമ ബംഗാൾ സർക്കാരിനെതിരെ രൂക്ഷമായ ചോദ്യങ്ങൾ ഉന്നയിച്ചു. സെലക്ഷൻ നടപടി തന്നെ കോടതിയിൽ ചോദ്യം ചെയ്‌തപ്പോൾ എന്തിനാണ് സൂപ്പർ ന്യൂമററി തസ്‌തികകൾ സൃഷ്‌ടിച്ച് വെയിറ്റ് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളെ നിയമിച്ചതെന്ന് ബെഞ്ച് സംസ്ഥാന സർക്കാരിനോട് ചോദിച്ചു.