കേരളം

kerala

ETV Bharat / bharat

ഫട്‌നാവിസിനെതിരെയുള്ള ഷിന്‍ഡെയുടെ തന്ത്രങ്ങള്‍ക്ക് പിന്നിൽ ഡൽഹിയിലെ ശക്‌തികൾ; വെളിപ്പെടുത്തലുമായി സഞ്ജയ് റാവത്ത്

ദേവേന്ദ്ര ഫട്‌നാവിസിനെതിരെ ഏക്‌നാഥ് ഷിന്‍ഡെ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നെന്ന് സഞ്ജയ് റാവത്ത്. ഡല്‍ഹിയിലെ സൂപ്പര്‍ ശക്തികളുടെ പിന്തുണയോടെയാണിതെന്നും റാവത്ത്.

Sanjai raut  Maharasthra govt formation  mahayuti  bjp
File photo of Sanjay Raut (IANS)

By ETV Bharat Kerala Team

Published : Dec 3, 2024, 8:11 PM IST

മുംബൈ: മഹാരാഷ്‌ട്രയിലെ കാവല്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസിനെതിരെ തന്ത്രങ്ങള്‍ മെനയുന്നുവെന്ന് ശിവസേന(യുബിടി)നേതാവ് സഞ്ജയ് റാവത്ത്. ഇതിന് ഡല്‍ഹിയിലെ സൂപ്പര്‍ ശക്തികളുടെ പിന്തുണയുമുണ്ടെന്ന് ബിജെപിയിലെ ഉന്നതനേതാക്കളെ ഉദ്ദേശിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്‌ട്രയിലെ സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് അരാജകത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം പിന്നിട്ടിരിക്കുന്നു. ഭൂരിപക്ഷം നേടിയ സഖ്യമോ കക്ഷികളോ സര്‍ക്കാര്‍ രൂപീകരണ അവകാശവാദവുമായി രംഗത്ത് എത്തിയിട്ടില്ല. തങ്ങളെ പിന്തുണയ്ക്കുന്ന സാമാജികരുടെ പട്ടിക പോലും സമര്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഗവര്‍ണര്‍ ആരെയും സര്‍ക്കാര്‍ രൂപീകരിക്കാനായി ക്ഷണിച്ചിട്ടുമില്ല. എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ചു കഴിഞ്ഞു. ആസാദ് മൈതാനത്ത് സത്യപ്രതിജ്ഞാചടങ്ങുകള്‍ നടക്കുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തിക്കഴിഞ്ഞു. ദേവേന്ദ്രഫട്‌നാവിസിനെതിരെ ഏക്‌നാഥ് ഷിന്‍ഡെ നടത്തുന്ന തന്ത്രങ്ങള്‍ക്ക് ഡല്‍ഹിയിലെ ചില അതിശക്തികളുടെ പിന്തുണയുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

മഹാശക്തികളുടെ പിന്തുണയില്ലാതെ ഏക്നാഥ്‌ ഷിന്‍ഡെ ഇങ്ങനെയൊന്നും കാട്ടാന്‍ ധൈര്യപ്പെടില്ല. ഡല്‍ഹിയില്‍ അധികാരത്തിലുള്ളവരുടെ നേരെ തന്ത്രങ്ങള്‍ മെനയാനും ആരും ധൈര്യം കാട്ടില്ലെന്നും രാജ്യസഭാംഗമായ റാവത്ത് പറഞ്ഞു.

ബിജെപിക്ക് മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ 132 സീറ്റുകള്‍ നേടാനായ സാഹചര്യത്തില്‍ ഫട്‌നാവിസ് തന്നെയാണ് മുഖ്യമന്ത്രി പദത്തിലേക്ക് എത്തേണ്ടത്. ബിജെപിക്ക് പുറമെ മഹായുതിയിലെ സഖ്യകക്ഷികളായ ഏക്‌നാഥ്‌ ഷിന്‍ഡെയുടെ ശിവസേനയും അജിത് പവാറിന്‍റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും ചേര്‍ന്ന് 288ല്‍ 230 സീറ്റുകളും സ്വന്തമാക്കിയിരുന്നു. എന്നിട്ടും സംസ്ഥാനത്ത് ഇനിയും സര്‍ക്കാര്‍ ചുമതലയേറ്റിട്ടില്ല. പുതിയ മുഖ്യമന്ത്രി ഈ മാസം അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ ചുമതലയേല്‍ക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഷിന്‍ഡെ നേതൃത്വം നല്‍കുന്ന ശിവസേന വ്യാജമാണെന്നും റാവത്ത് ആരോപിച്ചു. ഷിന്‍ഡെയ്ക്ക് കുറച്ച് ദിവസമായി സുഖമില്ല. സത്താറ ജില്ലയിലെ സ്വന്തം ഗ്രാമമായ ദാരയിലേക്ക് അദ്ദേഹം പോയത് സംസ്ഥാനത്തെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിലുള്ള അതൃപ്തി മൂലമാണെന്ന് സൂചനയുണ്ട്.

കഴിഞ്ഞ മാസം നടന്ന മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ അവിശ്രമം പ്രചാരണ രംഗത്ത് പ്രവര്‍ത്തിച്ചതിനാല്‍ അദ്ദേഹം അസുഖബാധിതനായിരിക്കുന്നുവെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. ഷിന്‍ഡെയെ ഇന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പല സമാജികരും അദ്ദേഹത്തെ കാണാനെത്തിയെങ്കിലും സാധിച്ചില്ല.

Also Read:ദേഹാസ്വസ്ഥ്യം; സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പ് ഷിന്‍ഡെ ആശുപത്രിയില്‍

ABOUT THE AUTHOR

...view details