സേലം: പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന ആരോപണവുമായി തമിഴ്‌നാട് കോണ്‍ഗ്രസ് രംഗത്ത്. മോദിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി സേലം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. തെരഞ്ഞെടുപ്പ് ചട്ടം നിലവിലിരിക്കെ ഇന്ത്യന്‍ വ്യോമസേന ഹെലികോപ്‌ടറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് ആവശ്യം.
കഴിഞ്ഞ ദിവസം സേലത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് മോദി ഇന്ത്യന്‍ വ്യോമസേനാ ഹെലികോപ്‌ടറില്‍ എത്തിയത്. ഗജലിനായ്ക്കന്‍പട്ടിയില്‍ നടന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനാണ് മോദി എത്തിയത്. ഇദ്ദേഹത്തിന്‍റെ സുരക്ഷയ്ക്കായി രണ്ട് വ്യോമസേന ഹെലികോപ്‌ടറുകള്‍ കൂടി സ്ഥലത്ത് വിന്യസിച്ചിരുന്നു.
1975ല്‍ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ത്യന്‍ വ്യോമസേനാ ഹെലികോപ്‌ടറുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് അവരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കിയിരുന്നുവെന്ന് അഖിലേന്ത്യാ നാഷണല്‍ കോണ്‍ഗ്രസിന്‍റെ തമിഴ്‌നാട് വക്താവ് ഡോ.സെന്തില്‍ ചൂണ്ടിക്കാട്ടി.