ചെന്നൈ :തമിഴ്‌നാട്ടില്‍ നിന്നുള്ള 11 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്‌ത് ശ്രീലങ്കന്‍ നാവിക സേന. തമിഴ്‌നാട് ഫിഷറീസ് വകുപ്പാണ് വിവരം സ്ഥിരീകരിച്ചത്. ഇതോടെ ഈ വര്‍ഷം ശ്രീലങ്കയില്‍ അറസ്റ്റിലായ ഇന്ത്യക്കാരുടെ എണ്ണം 333 ആയി.
നാഗപട്ടണം ജില്ലയിലെ അക്കരപ്പേട്ടയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് അറസ്റ്റിലായത്. പതിവ് മത്സ്യബന്ധനത്തിനായി വ്യാഴാഴ്‌ച ആണ് സംഘം കടലില്‍ പോയത്. കൊടിയകരൈയില്‍ നിന്ന് 41 നോട്ടിക്കല്‍ മൈല്‍ അകലത്തില്‍ മത്സ്യബന്ധനം നടത്തുമ്പോഴായിരുന്നു അറസ്റ്റ്.
ജാഫ്‌നയിലെ പോയിന്‍റ് പെഡ്രോ തീരത്തുവച്ച് തമിഴ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും അവരുടെ ട്രോളര്‍ പിടിച്ചെടുക്കുകയും ചെയ്‌തതായി ശ്രീലങ്കന്‍ നാവിക സേന പത്രക്കുറിപ്പില്‍ അറിയിച്ചു. അറസ്റ്റ് ചെയ്‌ത തൊഴിലാളികളെ തുടര്‍നടപടികള്‍ക്കായി കാങ്കസന്തുറൈ ഫിഷിങ് ഹാര്‍ബറില്‍ എത്തിച്ചതായാണ് വിവരം.
45 ട്രോളറുകളാണ് ഈ വര്‍ഷം ശ്രീലങ്ക പിടികൂടിയത്. 11 പേരുടെ അറസ്റ്റിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.
'ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് ഞാന്‍ വീണ്ടും ഉയര്‍ത്തിക്കാട്ടുകയാണ്. 2024ല്‍ മാത്രം 324 മത്സ്യത്തൊഴിലാളികളും 44 ബോട്ടുകളും ശ്രീലങ്കന്‍ നാവിക സേന പിടികൂടി. തുടരെയുള്ള ഈ അറസ്റ്റുകളില്‍ തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളി സമൂഹം വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. അവരുടെ ഉപജീവന മാര്‍ഗത്തെ സാരമായി ബാധിക്കുന്നുണ്ട്' -സ്റ്റാലിന്‍ പറഞ്ഞു.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധത്തില്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം ഒരു തര്‍ക്കവിഷയമായി നിലനില്‍ക്കുകയാണ്. പാക് കടലിടുക്കില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ നാവിക സേന വെടിയുതിര്‍ത്തിരുന്നു. കൂടാതെ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ അനധികൃതമായി പ്രവേശിച്ചു എന്നാരോപിച്ച് മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും മറ്റും പിടിച്ചെടുക്കുകയും ചെയ്‌തു.
സമ്പന്നമായ മത്സ്യബന്ധന കേന്ദ്രമാണ് പാക് കടലിടുക്ക്. അതുകൊണ്ട് തന്നെ ഇന്ത്യയേയും ശ്രീലങ്കയേയും തമ്മില്‍ വേര്‍തിരിക്കുന്ന പാക് കടലിടുക്ക് ഇരു രാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ പ്രധാനമാണ്.
Also Read: എങ്ങുമെത്താതെ മാഹി ഹാര്‍ബര്‍ നിര്‍മാണം; മത്സ്യബന്ധനം പ്രതിസന്ധിയില്‍, ദുരിതം പേറി മത്സ്യത്തൊഴിലാളികള്‍