ചെന്നെെ:ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ മത്സ്യബന്ധനം നടത്തിയ തമിഴ്‌നാട് സ്വദേശികളായ 22 മത്സ്യത്തൊഴിലാളികളെ പിടികൂടി ശ്രീലങ്കൻ നാവികസേന. രാമേശ്വരം മത്സ്യത്തൊഴിലാളി അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്‌ച കടലിലേക്ക് പോയ തൊഴിലാളികളെ നെടുന്തീവിനു സമീപം പാൽക്ബേ കടൽ മേഖലയിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ശ്രീലങ്കൻ നാവികസേന പിടികൂടിയത്.
മൂന്ന് ബോട്ടുകൾ പിടിച്ചെടുത്തതായി അസോസിയേഷൻ അറിയിച്ചു. മത്സ്യത്തൊഴിലാളികളെയും ബോട്ടുകളും ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്‌ച പുതുക്കോട്ട ജില്ലയിലെ കോട്ടൈപട്ടണം ഫിഷിംഗ് ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികളെയും ശ്രീലങ്കൻ നാവികസേന പിടികൂടിയതായി മുഖ്യമന്ത്രി അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിലൂടെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം താറുമാറാക്കുന്നുവെന്ന് എംകെ സ്റ്റാലിൻ പറഞ്ഞു.
നേരത്തെ മാർച്ച് 6 ന് അതിർത്തി ലംഘിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്‌ത 19 മത്സ്യത്തൊഴിലാളികളെ ഏപ്രിലിൽ ശ്രീലങ്കൻ നാവികസേന കൊളംബോയിൽ നിന്ന് എയർ ഇന്ത്യ പാസഞ്ചർ വിമാനത്തിൽ ചെന്നൈയിലേക്ക് തിരിച്ചയച്ചിരുന്നു. അതേസമയം ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്‌ത മത്സ്യത്തൊഴിലാളികളെ വിട്ടുകിട്ടാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ ആവശ്യപ്പെട്ടു.
Also Read: കുപ്രസിദ്ധ നായാട്ടുകാരൻ കുണ്ടുപ്പിള്ളി ജോസ് അറസ്റ്റില്‍ ; തോക്കും, തിരകളും, 20 ലക്ഷം രൂപയും പിടിച്ചു