ശ്രീഹരിക്കോട്ട:സ്‌പെഡെക്‌സ് ദൗത്യത്തിന്‍റെ ഭാഗമായുള്ള പരീക്ഷണങ്ങളുടെ ഭാഗമായി രണ്ട് ഉപഗ്രഹങ്ങളെയും മൂന്ന് മീറ്റര്‍ വരെ അകലത്തില്‍ എത്തിച്ച് ഐഎസ്‌ആര്‍ഒ. അടുപ്പിച്ചശേഷം ഇവയുടെ അകലം കൂട്ടി സുരക്ഷിത അകലത്തിലേക്ക് നീക്കിയെന്നും, വിവരങ്ങള്‍ പരിശോധിച്ച ശേഷമാകും ഡോക്കിങ് പ്രക്രിയ എന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു.
ഇരു ഉപഗ്രഹങ്ങളും തമ്മില്‍ ആശയവിനിമയം നടത്താന്‍ തുടങ്ങിയിട്ടുണ്ടെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. അതേസമയം പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വച്ച് കൂട്ടി യോജിപ്പിക്കുന്ന ഡോക്കിങ് പരീക്ഷണം നടത്തുന്ന തീയതിയും സമയവും ഇനിയും പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ ജനുവരി ഏഴിന് ഡോക്കിങ് പരീക്ഷണം നടക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒന്‍പതിലേക്ക് മാറ്റി. എന്നാല്‍ പരീക്ഷണത്തിന്‍റെ ഭാഗമായി ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം കുറച്ച് കൊണ്ടു വരുന്നതിനിടെ കൂടുതല്‍ അടുത്തതോടെ പരീക്ഷണം അന്നും മാറ്റി വയ്ക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പേടകങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടി യോജിപ്പിക്കുന്നതിലും വേര്‍പെടുത്തുന്നതിലും വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നിവയാണ് ബഹിരാകാശ ഡോക്കിങ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയ മറ്റ് രാജ്യങ്ങൾ. ദൗത്യത്തിന്‍റെ ഭാഗമായുള്ള മറ്റ് രണ്ട് പരീക്ഷണങ്ങളും ഐഎസ്‌ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കി.
ചെറു ബഹിരാകാശ വാഹനങ്ങള്‍ ഉപയോഗിച്ച് സ്‌പെയ്‌സ് ഡോക്കിങ് നടത്തുകയെന്ന ലക്ഷ്യവുമായി കഴിഞ്ഞ മാസം 30നാണ് സ്‌പെഡക്‌സ് ദൗത്യം തുടങ്ങിയത്. പിഎസ്‌എല്‍വി സി 60 റോക്കറ്റാണ് 220 കിലോ ഭാരമുള്ള ഉപഗ്രഹങ്ങളെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയിസ് സെന്‍ററില്‍ നിന്ന് ഭൂമിയുടെ 475 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്ക് എത്തിച്ചത്.
സങ്കീര്‍ണ സാങ്കേതികതകളുപയോഗിച്ചുള്ള ബഹിരാകാശ പരീക്ഷണങ്ങള്‍ നടത്തുന്ന നാലാമത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറിക്കഴിഞ്ഞു. ഇത് ബഹിരാകാശത്തെ ഇന്ത്യയുടെ രാജ്യാന്തര സ്‌റ്റേഷന്‍, മനുഷ്യനെ ചന്ദ്രനിലെത്തിക്കുക തുടങ്ങിയ രാജ്യത്തിന്‍റെ ഭാവി ദൗത്യങ്ങള്‍ക്ക് ഏറെ സഹായകമാകും.
Also Read: ഇന്ത്യയുടെ സ്‌പേഡെക്‌സ് ദൗത്യത്തില്‍ നിര്‍ണായക പുരോഗതി; പേടകങ്ങള്‍ തമ്മിലുള്ള ദൂരം 230 മീറ്ററായി കുറച്ചു