കേരളം

kerala

ETV Bharat / bharat

'കശ്‌മീര്‍ സ്വതന്ത്ര രാഷ്‌ട്രമാകാൻ സ്വപ്‌നം കാണുന്ന സംഘടനയുമായി സോണിയാ ഗാന്ധിക്ക് ബന്ധം'; ആരോപണവുമായി ബിജെപി, തിരിച്ചടിച്ച് കോണ്‍ഗ്രസ് - SONIA GANDHI LINKED TO GEORGE SOROS

രാജീവ് ഗാന്ധി ഫൗണ്ടേഷനിലെ സോണിയാ ഗാന്ധിയുടെ അധ്യക്ഷ സ്ഥാനമാണ് ജോര്‍ജ് സോറോസ് ഫൗണ്ടേഷനുമായുള്ള പങ്കാളിത്തത്തിലേക്ക് നയിച്ചതെന്നും ബിജെപി ആരോപിക്കുന്നു

SONIA GANDHI LINK TO GEORGE SOROS  BJP ALLEGATION  GEORGE SOROS FUNDED GROUP  സോണിയാ ഗാന്ധി കോണ്‍ഗ്രസ്
Sonia Gandhi (ANI)

By ETV Bharat Kerala Team

Published : Dec 9, 2024, 3:26 PM IST

ന്യൂഡല്‍ഹി: കശ്‌മീരിനെ പ്രത്യേക രാഷ്ട്രമായി അംഗീകരിക്കുന്ന ഹംഗേറിയൻ-അമേരിക്കൻ വ്യവസായി ജോർജ് സോറോസ് ഫൗണ്ടേഷന്‍റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഒരു സംഘടനയുമായി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി. സോണിയാ ഗാന്ധിയുടെ ഇത്തരം ബന്ധം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ശക്തികള്‍ ഇടപെടുന്നതിന് കാരണമാകുമെന്ന ആരോപണം ബിജെപി ഉന്നയിച്ചു.

'സോണിയ ഗാന്ധിയും കശ്‌മീർ ഒരു സ്വതന്ത്ര രാഷ്ട്രമെന്ന ആശയത്തെ പിന്തുണച്ച ഒരു സംഘടനയും തമ്മിലുള്ള ഈ ബന്ധം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ സ്ഥാപനങ്ങളുടെ സ്വാധീനവും അത്തരം ബന്ധങ്ങളുടെ രാഷ്ട്രീയ സ്വാധീനവും പ്രകടിപ്പിക്കുന്നു,' എന്ന് ബിജെപി പങ്കുവച്ച ട്വീറ്റില്‍ വ്യക്തമാക്കുന്നു.

രാജീവ് ഗാന്ധി ഫൗണ്ടേഷനിലെ സോണിയാ ഗാന്ധിയുടെ അധ്യക്ഷ സ്ഥാനമാണ് ജോര്‍ജ് സോറോസ് ഫൗണ്ടേഷനുമായുള്ള പങ്കാളിത്തത്തിലേക്ക് നയിച്ചതെന്നും ബിജെപി ആരോപിക്കുന്നു. മാധ്യമ പോര്‍ട്ടലായ ഓര്‍ഗനൈസ്‌ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്‌ടും (ഒസിആര്‍പി) ഹംഗേറിയന്‍-അമേരിക്കന്‍ വ്യവസായിയും പ്രതിപക്ഷവുമായി ഒത്തുകളിച്ച് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാനും മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുകയാണ്. സോറോസ് ഫണ്ട് ചെയ്യുന്ന ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷന്‍റെ വൈസ് പ്രസിഡന്‍റ് സലിൽ ഷെട്ടി രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തതായും ബിജെപി ആരോപിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

'അദാനിയെക്കുറിച്ചുള്ള രാഹുലിന്‍റെ വാർത്താസമ്മേളനം തത്സമയം സംപ്രേഷണം ചെയ്‌തത് ജോർജ്ജ് സോറോസിന്‍റെ ഫണ്ട് ഒസിസിആർപി ആണ്. അദാനിയെ വിമർശിക്കാൻ വിദേശ സംഘടനയുടെ സഹായം രാഹുൽ ഉപയോഗിച്ചു. ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ അട്ടിമറിക്കാനുള്ള അവരുടെ ശ്രമങ്ങളെ എടുത്തുകാണിക്കുന്നു, ജോർജ് സോറോസും രാഹുലും അദാനി വിഷയത്തിൽ ഒരേ നിലപാട് ആണ് സ്വീകരിക്കുന്നത്,' എന്നും ട്വീറ്റിൽ പറയുന്നു.

'ഇന്ത്യാ വിരുദ്ധ ശക്തികൾക്കെതിരെ ഒന്നിക്കണം'

കോൺഗ്രസ് ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളോടും ഇന്ത്യാ വിരുദ്ധ ശക്തികൾക്കെതിരെ ഒന്നിക്കണമെന്നും തങ്ങളുടെ നേതാക്കൾ രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതായി കണ്ടാൽ ശബ്‌ദമുയർത്തണമെന്നും പാർലമെന്‍ററി കാര്യ മന്ത്രി കിരൺ റിജിജു ആഹ്വാനം ചെയ്‌തു.

രാജ്യത്തിന് മുന്നിലുള്ള ചില പ്രശ്‌നങ്ങൾ രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് താൻ കരുതുന്നു. ജോർജ് സോറോസും അദ്ദേഹത്തിന്‍റെ സംഘവും ഇന്ത്യയ്‌ക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യാ വിരുദ്ധ ശക്തികളുമായി ബന്ധപ്പെട്ട ഈ വിഷയം കക്ഷി രാഷ്ട്രീയമായി കാണാതെ, എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും കിരണ്‍ റിജിജു എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളോടും ആവശ്യപ്പെട്ടു.

'ഞങ്ങള്‍ രാജ്യസ്‌നേഹികള്‍', മറുപടിയുമായി കോണ്‍ഗ്രസ്

അതേസമയം, സോണിയാ ഗാന്ധിക്കെതിരെ ബിജെപി ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. എല്ലാ ആരോപണങ്ങളും തള്ളിയ കോൺഗ്രസ് എംപി കാർത്തി ചിദംബരം, തങ്ങള്‍ രാജ്യസ്‌നേഹികളാണെന്നും വ്യക്തമാക്കി.

ഇത്തരം ആരോപണങ്ങള്‍ വസ്‌തുതാ വിരുദ്ധമാണ്, തങ്ങൾ എല്ലായ്പ്പോഴും ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. തങ്ങൾ ദേശസ്‌നേഹികളാണ്, തങ്ങൾ ദേശീയവാദികളാണ്, ഇന്ത്യയുടെ അഖണ്ഡതയ്‌ക്ക് വിരുദ്ധമായി തങ്ങൾ ഒന്നും ചെയ്യുന്നില്ലെന്നും കോണ്‍ഗ്രസ് എംപി പറഞ്ഞു.

Read Also:പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ മോഷണ പരമ്പര; ഫഡ്‌നാവിസിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കളവുപോയത് 12 ലക്ഷം രൂപയുടെ സാധനങ്ങള്‍

ABOUT THE AUTHOR

...view details