ജയ്‌പൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കോൺഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധി രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനിൽ നിന്നാണ് സോണിയ ഇതാദ്യമായി പാര്‍ലമെന്‍റ് ഉപരിസഭയിലെത്തുന്നത്. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്.
രാജസ്ഥാൻ അസംബ്ലി സെക്രട്ടറി മഹാവീർ പ്രസാദ് ശർമയാണ് സോണിയ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്. ബിജെപിയുടെ ചുന്നിലാൽ ഗരാസിയ, മദൻ റാത്തോഡ് എന്നിവരും രാജസ്ഥാനിൽ നിന്ന് എതിരില്ലാതെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതായി മഹാവീർ പ്രസാദ് ശർമ പറഞ്ഞു. ഇന്നായിരുന്നു നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. മറ്റ് സ്ഥാനാർത്ഥികൾ മത്സരിക്കാത്തതിനാൽ മൂന്ന് നേതാക്കളും എതിരില്ലാതെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
രാജ്യസഭ അംഗങ്ങളായ മൻമോഹൻ സിങ്ങ് (കോൺഗ്രസ്), ഭൂപേന്ദ്ര യാദവ് (ബിജെപി) എന്നിവരുടെ കാലാവധി ഏപ്രിൽ 3 ന് അവസാനിക്കുകയാണ്. ഇതുകൂടാതെ എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ബിജെപി എംപിയായിരുന്ന കിരോഡി ലാൽ മീണ രാജിവച്ച ഒഴിവും ഇതോടെ നികത്തപ്പെട്ടു.
200 അംഗ രാജ്യസഭയിൽ ബിജെപിക്ക് 115 ഉം കോൺഗ്രസിന് 70 ഉം അംഗങ്ങളാണുള്ളത്. രാജസ്ഥാനിൽ 10 രാജ്യസഭാ സീറ്റുകളാണുള്ളത്. പുതിയ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന് ആറംഗങ്ങളും ബിജെപിക്ക് നാല് അംഗങ്ങളുമാണ് ഇപ്പോഴുള്ളത്.
Also Read: മമ്മൂട്ടി ചിത്രത്തില്‍ സോണിയ ഗാന്ധിയായി പകര്‍ന്നാടാന്‍ ജര്‍മ്മന്‍ താരം; 'യാത്ര 2' പുതിയ പോസ്‌റ്റര്‍ ശ്രദ്ധേയം
റായ്‌ബറേലിയ്‌ക്ക് വിട: ഇരുപത്തിയഞ്ച് വർഷം ലോക്‌സഭ അംഗൺമായിരുന്ന ശേഷമാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറുന്നത്. 2004 മുതല്‍ ഉത്തര്‍പ്രദേശിലെ റായ്‌ബറേലിയെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയ സോണിയയുടെ കളം മാറ്റം പല അഭ്യൂഹങ്ങള്‍ക്കും തിരികൊളുത്തിയെങ്കിലും അവര്‍ പറയുന്ന കാരണം പ്രായാധിക്യവും മോശം ആരോഗ്യ സ്ഥിതിയുമാണ്.
രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ റായ്‌ബറേലിയിലെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ അല്‍പം വികാരാധീനയായി സോണിയ ഗാന്ധി ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. പ്രസ്‌തുത കുറിപ്പിലാണ് 77 കാരിയായ നേതാവ് തന്‍റെ ലോക്‌സഭയിലേക്കുള്ള മത്സരം അവസാനിപ്പിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കിയത്.
'ഇന്ന് ഞാന്‍ എന്തൊക്കെയാണോ, അതിനെല്ലാം കാരണം നിങ്ങളാണ്. നിങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസം പാലിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട് എന്ന് പറയുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളും പ്രായാധിക്യവും കാരണം വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കില്ല. ഈ തീരുമാനത്തിന് ശേഷം എനിക്ക് നിങ്ങളെ നേരിട്ട് സേവിക്കാന്‍ അവസരം ലഭിച്ചേക്കില്ല. പക്ഷേ എന്‍റെ മനസും ആത്‌മാവും എപ്പോഴും നിങ്ങള്‍ക്കൊപ്പം ഉണ്ടാകും. പണ്ടത്തെ പോലെ ഭാവിയിലും നിങ്ങള്‍ എന്‍റെയും എന്‍റെ കുടുംബത്തിന്‍റെയും ഒപ്പം നില്‍ക്കുമെന്ന് എനിക്കുറപ്പുണ്ട്.'-സോണിയ ഗാന്ധിയുടെ സന്ദേശം ഇങ്ങനെ.
Also Read: രാജ്യസഭ വോട്ടെടുപ്പ് എങ്ങനെ? തെരഞ്ഞെടുപ്പ് പ്രക്രിയകളെ കുറിച്ചറിയാം
മകന്‍ രാഹുല്‍ ഗാന്ധി കര്‍മ്മഭൂമിയായ അമേഠി വിട്ട് 2019ല്‍ വയനാട്ടിലേക്ക് ചേക്കേറിയത് പരാജയം ഭയന്നാണെന്ന് രാഷ്‌ട്രീയ എതിരാളികള്‍ അന്ന് പരിഹസിച്ചിരുന്നു. ഇതേ പരിഹാസമാണ് നിലവില്‍ സോണിയയും നേരിടുന്നത്. കോണ്‍ഗ്രസിന്‍റെ സുരക്ഷിത മണ്ഡലമായ റായ്‌ബറേലി പോലും മോദി-താമര തരംഗത്തില്‍ ഇത്തവണ കൈവിട്ട് പോകുമെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്. സോണിയ ഗാന്ധി റായ്‌ബറേലി എന്ന സേഫ്‌സോണ്‍ വിടുന്നത് മകള്‍ പ്രിയങ്ക ഗാന്ധിയ്ക്ക് വഴിയൊരുക്കാനാണെന്ന സൂചനകളും ചില കേന്ദ്രങ്ങളിൽ നിന്ന് വരുന്നുണ്ട്.