ഡൽഹി :കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവും ഉൾപ്പെടെ 14 പേർ വ്യാഴാഴ്‌ച (മാർച്ച് 4) രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്‌തു. ഉപാധ്യക്ഷനും രാജ്യസഭ ചെയർമാനുമായ ജഗ്‌ദീപ് ധൻഖർ രാജ്യസഭാംഗങ്ങൾക്ക് പുതിയ പാർലമെന്‍റ് മന്ദിരത്തിൽ സത്യവാചകം ചൊല്ലിക്കൊടുത്തു.
സോണിയ ഗാന്ധി രാജസ്ഥാനിൽ നിന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തപ്പോൾ വൈഷ്‌ണവ് ഒഡിഷയിൽ നിന്നുള്ള അംഗമായി സത്യപ്രതിജ്ഞ ചെയ്‌തു. കർണാടകയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് അജയ് മാക്കൻ, ഉത്തർപ്രദേശിൽ നിന്നുള്ള ഭാരതീയ ജനത പാർട്ടി നേതാവ് ആർപിഎൻ സിങ്, പശ്ചിമ ബംഗാളിൽ നിന്നുള്ള ബിജെപി അംഗം സമിക് ഭട്ടാചാര്യ എന്നിവരുൾപ്പെടെ 14 പേരാണ് രാജ്യസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്‌തത്.
വൈഎസ്ആർസിപി നേതാക്കളായ ഗോല ബാബു റാവു, മേധ രഘുനാഥ് റെഡ്ഡി, യെരും വെങ്കട്ട് സുബ്ബ റെഡ്ഡി എന്നിവരും ആന്ധ്രാപ്രദേശിനെ പ്രതിനിധീകരിച്ച് സത്യപ്രതിജ്ഞ ചെയ്‌തു. ഇവരെല്ലാം പിന്നീട് രാജ്യസഭ ചെയർമാനുമായി ഗ്രൂപ്പ് ഫോട്ടോയുമെടുത്തു.
ആദ്യമായാണ് സോണിയ ഗാന്ധി രാജ്യസഭാംഗമാകുന്നത്. സഭ നേതാവ് പിയൂഷ് ഗോയൽ, കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ എന്നിവരുടെ സാന്നിധ്യത്തിലാണ് അവർ സത്യപ്രതിജ്ഞ ചെയ്‌തത്. സത്യപ്രതിജ്ഞ സമയത്ത് മകളും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി വാദ്രയും സോണിയ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു. രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ്, സെക്രട്ടറി ജനറൽ പി സി മോദി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ALSO READ : നദ്ദ ഗുജറാത്തില്‍ നിന്ന്, ചവാന്‍ മഹാരാഷ്ട്രയില്‍ ; രാജ്യസഭയിലേക്ക് 7 സ്ഥാനാര്‍ത്ഥികളെക്കൂടി പ്രഖ്യാപിച്ച് ബിജെപി