ഹൈദരാബാദ് :സംസ്ഥാനത്ത് സ്‌മാര്‍ട്ട് ഫോണുകള്‍ മോഷ്‌ടിച്ച് വില്‍പ്പന നടത്തുന്ന പന്ത്രണ്ടംഗ സംഘം അറസ്റ്റില്‍. ഹൈദരാബാദ് സൗത്ത് സോണ്‍ കര്‍മ്മസേനയാണ് ഇവരെ വലയിലാക്കിയത്. ഇവര്‍ക്ക് പുറമെ മോഷ്‌ടിക്കുന്ന സ്‌മാര്‍ട്ട് ഫോണുകള്‍ വാങ്ങി സുഡാനിലേക്ക് കടത്തുന്ന അഞ്ച് സുഡാന്‍ പൗരന്‍മാരെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
പിടിയിലായ സംഘത്തില്‍ നിന്ന് 1.73 കോടി രൂപ വിലവരുന്ന 703 സ്‌മാര്‍ട്ട് ഫോണുകളും പിടികൂടി. ഇവരില്‍ നിന്ന് ഒരു ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. ഹൈദരാബാദ് പൊലീസ് കമ്മിഷണര്‍ കൊട്ടക്കോട്ട ശ്രീനിവാസ് റെഡ്ഡിയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഓരോ മാസവും കുറച്ച് തുക നല്‍കി പലരില്‍ നിന്നും ഇവര്‍ ഫോണുകള്‍ സ്വന്തമാക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ :ഹൈദരാബാദില്‍ നിന്നുള്ള അലങ്കാരപ്പണിക്കാരനായ മുജ്ജു എന്ന് വിളിക്കുന്ന മുഹമ്മദ് മുസമില്‍(19), ജഹാനുമയില്‍ നിന്നുള്ള സയീദ് അബ്‌രാര്‍(19) എന്ന ഡ്രൈവര്‍ എന്നിവര്‍ ചേര്‍ന്ന് അടുത്തിടെ എല്‍ബി നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഒരു ബൈക്ക് മോഷ്‌ടിച്ചിരുന്നു. ഈ ബൈക്കില്‍ ബന്ദ്‌ലഗുഡ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ച് ഒരു കാവല്‍ക്കാരനെ ഇടിച്ച് വീഴ്‌ത്തി ഫോണുമായി കടന്നുകളഞ്ഞു. അടുത്തിടെയായി ഫോണുകള്‍ ഇവിടെ മോഷ്‌ടിക്കപ്പെടുന്നത് പതിവായിരുന്നു. ഫോണ്‍ തട്ടിയെടുക്കുന്നതിനിടെ പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിഷണര്‍ ശ്രീനിവാസ് റെഡ്ഡി ഉത്തരവിട്ടിരുന്നു.
സൗത്ത് സോണ്‍ കര്‍മ്മസേന അന്വേഷണത്തിനായി രംഗത്തിറങ്ങി. ഇവര്‍ നടത്തിയ അന്വേഷണത്തിനിടെയാണ് മുഹമ്മദ് മുസമിലും സയീദ് അബ്‌റാറും പിടിയിലാകുന്നത്. ഇവരെ ചോദ്യം ചെയ്‌തതില്‍ നിന്നാണ് കള്ളക്കടത്ത് സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ജഗദീഷ് മാര്‍ക്കറ്റിലെ കച്ചവടക്കാരില്‍ നിന്നും വ്യവസായികളില്‍ നിന്നും മറ്റുമാണ് ഇവര്‍ ഫോണ്‍ മോഷ്‌ടിക്കുന്നത്. ഇവരില്‍ നിന്ന് ഈ ഫോണുകള്‍ മുഹമ്മദ് സക്കീര്‍(35), മുഹമ്മദ് അക്‌തര്‍(32), ഷെയ്ഖ് അസഹ്‌ര്‍(31), കൈസര്‍ എന്ന് വിളിക്കുന്ന മുഹമ്മദ് ഖാസ നിസാമുദ്ദീന്‍(49), ബബ്‌ലു എന്ന് വിളിക്കുന്ന മുഹമ്മദ് ഷാഫി(28), ജെ എളമണ്ട റെഡ്ഡി(44), സയീദ് ലെയ്ഖ്(32), ഷെയ്ഖ് അസഹ്‌ര്‍ മൊയ്‌നുദ്ദീന്‍(32), പതാന്‍ റബ്ബാനി ഖാന്‍(34), മുഹമ്മദ് സലീം(20) എന്നിവര്‍ വാങ്ങുകയും വിവിധ മാര്‍ഗങ്ങളിലൂടെ അവ വില്‍ക്കുകയും ചെയ്യുന്നു.
ഹൈദരാബാദില്‍ താമസിക്കുന്ന അഞ്ച് സുഡാന്‍ പൗരന്‍മാര്‍ക്കാണ് ഇവരില്‍ ബബ്‌ലു എന്ന് വിളിക്കുന്ന മുഹമ്മദ് ഷാഫി ഫോണുകള്‍ വില്‍ക്കുന്നത്. മുഹമ്മദ് അല്‍ബാദ്‌വി(36), ഉസ്‌മാന്‍ ബബികര്‍(36), സാലി അബ്‌ദുള്ള(34), സിദ്ദിഖ് അഹമ്മദ് (34), എല്‍ത്തായെബ് മുഹമ്മദ്(27) എന്നിവരടങ്ങിയ ആ സംഘം ഫോണുകള്‍ പായ്ക്ക് ചെയ്‌ത ഭക്ഷ്യ വസ്‌തുക്കള്‍ക്കൊപ്പം കപ്പലുകളില്‍ അവരുടെ നാട്ടിലേക്ക് കയറ്റി അയക്കുകയും അവിടെ വില്‍ക്കുകയും ചെയ്യുന്നു. ആയിരക്കണക്കിന് ഫോണുകള്‍ ഇത്തരത്തില്‍ കടത്തിയിട്ടുണ്ടാകുമെന്നാണ് പൊലീസ് സംശയിക്കുന്നത്. വ്യവസായത്തിന്‍റെയും വിദ്യാഭ്യാസത്തിന്‍റെയും പേരില്‍ ഇന്ത്യയിലേക്ക് വന്ന സുഡാനികള്‍ അനധികൃതമായി ബഞ്ചാര ഹില്‍സിലും മസാബ്‌ടാങ്ക് മേഖലയിലും തങ്ങുന്നതായും പൊലീസ് കണ്ടെത്തി.
Also Read:വഴിയാത്രക്കാരന്‍റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച കേസ്; രണ്ട് പേർ പിടിയിൽ
ജഗദീഷ് മാര്‍ക്കറ്റിലെ സെല്‍ഫോണ്‍ കടയുടമയായ ജെ എളമണ്ട റെഡ്ഡി മോഷ്‌ടിച്ച ഐഫോണുകള്‍ ഫോണുകള്‍ മാത്രം വാങ്ങുന്ന ആളാണെന്ന് പൊലീസ് പറയുന്നു. അമേരിക്കയിലെയും മറ്റ് ചില രാജ്യങ്ങളിലെയും ഐഫോണുകള്‍ നഷ്‌ടമായെന്ന പേരില്‍ വ്യാജ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ ഉന്നയിക്കുകയും ഈ ഫോണുകള്‍ പിന്നീട് ഇന്ത്യയില്‍ കൊണ്ടുവന്ന് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുകയും ചെയ്യുന്നതായി പറയുന്നു.