പറ്റ്ന :ആര്‍ജെഡിയും കോണ്‍ഗ്രസും ജനതാദള്‍ യുവും ഉള്‍പ്പെട്ട മഹാഗഡ് ബന്ധനിലെ പുതിയ നാടകങ്ങള്‍ക്ക് നിതീഷ് കുമാറിന്‍റെ രാജിയോടെ തിരശീല വീണിരിക്കുന്നു. ഇന്ത്യ മുന്നണിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് നിതീഷിന്‍റെ രാജി(Situation In Mahagathbandhan).
തന്‍റെ വസതിയില്‍ ജെഡിയു സാമാജികരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു രാജി. രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രാജി സമര്‍പ്പിച്ച് അദ്ദേഹം പുതുതായി എന്‍ഡിഎയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ താത്പര്യം അറിയിച്ചു. നേരത്തെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുമായി കൂടിക്കാഴ്ചയ്ക്ക് നിതീഷ് സമയം തേടിയിരുന്നു.നരേന്ദ്രമോദിയുടെ മന്‍കി ബാത്തിന് ശേഷം ബിജെപി സാമാജികര്‍ നിതീഷിനെ പിന്തുണച്ച് കൊണ്ടുള്ള കത്ത് കൈമാറി. സംസ്ഥാന ബിജെപി അധ്യക്ഷന്‍ സമ്രാത് ചൗധരി ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന(Nitish kumar resigns).
മഹാഗഡ് ബന്ധനില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നാണ് രാജി സമര്‍പ്പിച്ച ശേഷം അദ്ദേഹം പ്രതികരിച്ചത്. സഖ്യകക്ഷികള്‍ പലതും വിട്ടു പോകുന്നു. സഖ്യത്തില്‍ മറ്റൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ മുഖ്യമന്ത്രി പദം രാജിവയ്ക്കുകയും സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഗവര്‍ണറോട് ആവശ്യപ്പെടുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
എല്ലാം നന്നായി പോയിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്നും നിതീഷ് ചൂണ്ടിക്കാട്ടി. താന്‍ ദീര്‍ഘകാലമായി ഒച്ചയുയര്‍ത്തിക്കൊണ്ടേ ഇരിക്കുകയാണ്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ താന്‍ പരിഗണിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ പിരിച്ചുവിടപ്പെട്ടിരിക്കുകയാണ് (Bihar politics ).